ടി.പി കേസില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുകയായിരുന്നെന്ന് സഭയില്‍ കെ.കെ രമ; അന്വേഷണ സമയം ഏതാണെന്ന് അംഗത്തിന് തെറ്റിപ്പോയോയെന്ന് പിണറായി
Kerala
ടി.പി കേസില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുകയായിരുന്നെന്ന് സഭയില്‍ കെ.കെ രമ; അന്വേഷണ സമയം ഏതാണെന്ന് അംഗത്തിന് തെറ്റിപ്പോയോയെന്ന് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 11, 05:59 am
Monday, 11th October 2021, 11:29 am

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിനും ഇവര്‍ക്ക് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തതും പൊലീസാണെന്ന് സഭയില്‍ കെ.കെ. രമ എം.എല്‍.എ. ചോദ്യോത്തരവേളയിലായിരുന്നു സംസ്ഥാനത്ത് നടന്നിട്ടുള്ള പല സംഘടിത കുറ്റകൃത്യങ്ങളിലും ഡി.ജി.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റവാളികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ.കെ രമ പറഞ്ഞത്.

എന്നാല്‍ ബഹുമാനപ്പെട്ട അംഗത്തോട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നടന്ന സമയം തെറ്റിപ്പോയോ എന്നൊരു സംശയം തനിക്കുണ്ടെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

അപ്പുറത്തിരിക്കുന്നവര്‍ക്ക് മറവി വരാന്‍ ഇടയില്ലല്ലോയെന്നും അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ നല്ല ഫലപ്രദമായി അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചതാണല്ലോയെന്നും പിണറായി പറഞ്ഞു. അന്നത്തെ ഗവര്‍മെന്റ് അവര്‍ക്ക് ആകാവുന്ന രീതിയിലൊക്കെ ആ കാര്യത്തില്‍ അന്വേഷണം നടത്തിയെന്നുള്ളതാണ് പൊതുസമൂഹത്തിന് അറിയുന്ന കാര്യമെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് നടന്നിട്ടുള്ള പല സംഘടിത കുറ്റകൃത്യങ്ങളിലും ഡി.ജി.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റവാളികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാണാന്‍ കഴിയുകയാണ്. സഖാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നതിനും ഇവര്‍ക്ക് മറ്റുകുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും പൊലീസ് സേനയിലെ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇവിടെ പലപ്പോഴും വ്യക്തമായതാണ്.

അതുപോലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്കും ഇത്തരത്തില്‍ നിയമവിരുദ്ധ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം നടത്തുന്നതിനും ഒട്ടേറെ നിയമങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കെ അവ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ഇത്തരം നിയമങ്ങള്‍ ശരിയാം വണ്ണം നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിച്ചു എന്നുമായിരുന്നു കെ.കെ. രമ ചോദിച്ചത്.

എന്നാല്‍ ബഹുമാനപ്പെട്ട അംഗം ചൂണ്ടിക്കാണിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നടന്ന സമയം അവര്‍ക്ക് തെറ്റിപ്പോയോ എന്നൊരു സംശയം തനിക്കുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.

അപ്പുറത്താര്‍ക്കും മറവി വരാന്‍ ഇടയില്ലല്ലോ. നല്ല ഫലപ്രദമായി തന്നെ അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചതാണല്ലോ. അന്നത്തെ ഗവര്‍മെന്റ് അവര്‍ക്ക് ആകാവുന്ന രീതിയിലൊക്കെ ആ കാര്യത്തില്‍ അന്വേഷണം നടത്തിയെന്നുള്ളതാണ് പൊതുസമൂഹത്തിന് അറിയുന്ന കാര്യം. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണത്തില്‍ പിഴവുകളുണ്ടായി എന്നാണോ അവര്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് വ്യക്തമല്ല. മറ്റൊരു കാര്യം അവര്‍ ചൂണ്ടിക്കാണിച്ചത് നിലവിലുള്ള കുറേ നിയമങ്ങള്‍ ഉണ്ട് ആ നിയമങ്ങളുടെ ഭാഗമായി കാര്യങ്ങള്‍ നടക്കുന്നില്ല എന്നാണ്.

ആ നിയമങ്ങളുടെ ഭാഗമായുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പറയാനുള്ളത്. നിയമപരമായി കാര്യങ്ങള്‍ നടക്കുക എന്നുള്ളതിന് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുന്നത്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനോ
ഉത്തരവാദിത്തപ്പെട്ടവരോ നിയമത്തില്‍ നിന്നും വ്യത്യസ്തമായ കാര്യം സ്വീകരിക്കുന്നുവെങ്കില്‍ അത് തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: TP Chandrasekharan Murder Case KK Rema Pinarayi Vijayan Assembly