Entertainment
എനിക്ക് ഏറെ വിസിബിളിറ്റിയും റീച്ചും ഉണ്ടാക്കി തന്നത് ആ പൃഥ്വിരാജ് ചിത്രം: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 08:25 am
Monday, 27th January 2025, 1:55 pm

2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതിയ ഈ സിനിമ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു നിര്‍മിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.

ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്. മോഹന്‍ലാലിന് പുറകെ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടായിരുന്നു ടൊവിനോ തോമസ് ലൂസിഫറില്‍ എത്തിയത്. ഇപ്പോള്‍ ലൂസിഫറിനെ കുറിച്ച് പറയുകയാണ് ടൊവിനോ. ഈ സിനിമയിലൂടെ താന്‍ നല്ല കയ്യടി വാങ്ങുമെന്ന് ആദ്യമേ പറഞ്ഞിരുന്നു എന്നാണ് നടന്‍ പറയുന്നത്. എമ്പുരാന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൂസിഫര്‍ എന്ന സിനിമയുടെ കഥയെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും പറയുമ്പോള്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. ‘ഈ സിനിമയിലൂടെ നീ നല്ല കയ്യടി വാങ്ങും’ എന്നായിരുന്നു പറഞ്ഞത്. ആ പറഞ്ഞത് പോലെ തന്നെ എനിക്ക് ലൂസിഫറിലും അതിന് ശേഷം ഒരുപാട് വേദികളിലും കയ്യടി ലഭിച്ചു.

ഈ സിനിമയിലെ ‘എനിക്ക് മുണ്ടുടുക്കാനും അറിയാം’ എന്ന ഡയലോഗാണ് എന്നോട് പലരും വീണ്ടും പറയാന്‍ ആവശ്യപ്പെടാറുള്ളത്. ഏത് സിനിമയുടെ പ്രൊമോഷന് പോകുമ്പോഴും ഉദ്ഘാടനത്തിന് പോകുമ്പോഴും അങ്ങനെ തന്നെയാണ്.

സ്‌റ്റേജില്‍ പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് ആ ഡയലോഗ് തന്നെയാണ്. അത്രയും വിസിബിളിറ്റിയും റീച്ചും എനിക്ക് ഉണ്ടാക്കി തന്നിട്ടുള്ള സിനിമയാണ് ലൂസിഫര്‍. അത്ര വലിയ ഇംപാക്ട് ഉണ്ടാക്കി തന്നെങ്കിലും അതിന്റെ പ്രഷറോ കഷ്ടപ്പാടോ എനിക്ക് ഉണ്ടായിരുന്നില്ല.

പത്തോ പതിനഞ്ചോ ദിവസമാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. പക്ഷെ ആ കഥാപാത്രത്തിന്റെ ഇംപാക്ട് വളരെ വലുതായിരുന്നു. അതേ പ്രതീക്ഷയോടെ തന്നെയാണ് ഞാന്‍ എമ്പുരാനെയും കാണുന്നത്,’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino Thomas Talks About Prithviraj Sukumaran’s Lucifer  Movie