Film News
ആ ടൈറ്റിലില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; പക്ഷേ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ വിഷമിപ്പിച്ചിട്ടാകരുത്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 26, 03:50 am
Friday, 26th January 2024, 9:20 am

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നടികര്‍’. മുമ്പ് ഈ ചിത്രത്തിന്റെ പേര് ‘നടികര്‍ തിലകം’ എന്നായിരുന്നു.

എന്നാല്‍ നടികര്‍ തിലകം ശിവാജി ഗണേഷിന്റെ മകനും നടനുമായ പ്രഭുവിന്റെ അഭ്യര്‍ത്ഥന പ്രകാരം ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു.

അമ്മ സംഘടനക്ക് അയച്ച കത്തില്‍ ‘നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടനയും ചിത്രത്തിന്റെ പേര് മാറ്റുവാന്‍ അപേക്ഷിച്ചിരുന്നു.

പിന്നാലെ പ്രഭുവിന്റെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ പുതിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ചടങ്ങില്‍ പ്രഭുവിനെ കുറിച്ചും തന്റെ ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

അബിയും അനുവും എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് താന്‍ പ്രഭുവിനെ പരിചയപെട്ടതെന്നും അന്ന് അദ്ദേഹം വീട്ടില്‍ നിന്നും തങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും ടൊവിനോ പറയുന്നു.

എപ്പോഴും അദ്ദേഹത്തെ ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളുവെന്നും എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണ് പ്രഭു പെരുമാറുന്നതെന്നും ടൊവിനോ പറഞ്ഞു.

നടികര്‍ തിലകം ശിവാജി ഗണേഷിന്റെ ആ ടൈറ്റിലില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നെന്ന് പറയുന്ന താരം ഒരിക്കലും അത് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ വിഷമിപ്പിച്ചു കൊണ്ടാകരുതെന്നും അങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അബിയും അനുവും എന്ന തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പ്രഭു സാറിനെ പരിചയപെട്ടത്. അന്ന് അദ്ദേഹം വീട്ടില്‍ നിന്നും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള ഭക്ഷണം കൊണ്ടുവരുമായിരുന്നു.

എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറാറുള്ളത്. അദ്ദേഹത്തിന്റെ അച്ഛന്‍ നടികര്‍ തിലകം ശിവാജി ഗണേഷ് സാറിനെ നമുക്ക് എല്ലാവര്‍ക്കും അറിയുന്നതാണ്.

സാറിന്റെ ആ ടൈറ്റിലില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. നടികര്‍ തിലകം എന്ന പേര് അത്രയും ഇഷ്ടമായിരുന്നു.

പക്ഷേ അത് ഒരിക്കലും സാറിനെ സ്‌നേഹിക്കുന്നവരെ വിഷമിപ്പിച്ചു കൊണ്ടാകരുത് എന്നുമുണ്ട്. അത് ഒരിക്കലും ശരിയായ കാര്യമല്ല,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Nadikar Thilakam And Actor Prabhu