ആ കാര്യം സിനിമകളില്‍ ഉപയോഗിക്കുന്നതാണ് ഫഹദിന്റെ പ്ലസ് പോയന്റ്: ടൊവിനോ തോമസ്
Entertainment
ആ കാര്യം സിനിമകളില്‍ ഉപയോഗിക്കുന്നതാണ് ഫഹദിന്റെ പ്ലസ് പോയന്റ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 10:14 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ കണ്ണുകളെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഫഹദില്‍ നിന്ന് അടിച്ചു മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താകുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ടൊവിനോ.

നല്ല കണ്ണുണ്ടാകുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഫഹദിന്റെ പ്ലസ് പോയന്റെന്നാണ് നടന്‍ പറയുന്നത്. തന്റേത് അത്ര വലിയതോ അത്ര നല്ലതോ ആയ കണ്ണ് അല്ലെന്നും ഉള്ളത് വെച്ച് എന്തൊക്കെ ചെയ്യാമെന്ന ചിന്തയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ഫഹദില്‍ നിന്ന് എന്താണ് ഞാന്‍ അടിച്ചു മാറ്റുകയെന്ന് ചോദിച്ചാല്‍ അത് തീര്‍ച്ചയായും ആ കണ്ണുകളാണ്. അങ്ങനെയുള്ള നല്ല കണ്ണ് ഉണ്ടാകുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഫഹദിന്റെ പ്ലസ് പോയന്റ്. എന്റേത് അത്ര വലിയതോ അത്ര നല്ലതോ ആയ കണ്ണുകളൊന്നുമല്ല. പക്ഷെ ഉള്ളത് വെച്ച് എന്തൊക്കെ ചെയ്യാമെന്ന ചിന്തയിലാണ് ഞാന്‍.

ഫഹദ് തന്റെ കണ്ണുകള്‍ കൊണ്ടുള്ള ആക്ടിങ് തീര്‍ച്ചയായും ഉപയോഗിക്കുക തന്നെയാണ് ചെയ്യുന്നത്. ശരിക്കും കണ്ണിലൂടെയാണല്ലോ ഒരാള്‍ ഏറ്റവും കൂടുതല്‍ എക്‌സ്പ്രസ് ചെയ്യുന്നത്. അതിന് വലിയ കണ്ണ് ആവണമെന്നോ ചെറിയ കണ്ണ് ആവണമെന്നോയില്ല. വലിയ കണ്ണും ഇന്റന്‍സായിട്ടുള്ള കണ്ണുമൊക്കെ ഫ്രെയിമില്‍ കാണാന്‍ എപ്പോഴും അടിപൊളിയാണ്. ആ കണ്ണുകളിലൂടെ നമുക്ക് എന്തും എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റഡാവും,’ ടൊവിനോ തോമസ് പറഞ്ഞു.

അതേസമയം ടൊവിനോയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എ.ആര്‍.എം. അഥവാ അജയന്റെ രണ്ടാം മോഷണം. ഓണം റിലീസായാണ് ഈ സിനിമ തിയേറ്ററുകളിലെത്തിയത്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷത്തിലാണ് ടൊവിനോ എ.ആര്‍.എമ്മില്‍ എത്തിയത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം മുതല്‍ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.


Content Highlight: Tovino Thomas Talks About Fahadh Faasil