മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ ഇന്ന് മാറ്റി പറഞ്ഞു, ഈ വർഷം ഇത്രയും വിജയമുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ: ടൊവിനോ
Entertainment
മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ ഇന്ന് മാറ്റി പറഞ്ഞു, ഈ വർഷം ഇത്രയും വിജയമുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th April 2024, 1:27 pm

മലയാള സിനിമ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2024 ആരംഭിച്ച് നാല് മാസം പിന്നീടുമ്പോൾ വിജയ കുതിപ്പിലും കോടി കണക്കിലും തിളങ്ങി നിൽക്കുകയാണ് മലയാള ചിത്രങ്ങൾ. തുടർച്ചയായി നാല് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾക്കും വലിയ ഊർജമാണ് ഈ വിജയം സമ്മാനിക്കുന്നത്.

ഒരു സമയത്ത് പെട്ടിക്കട വുഡ് എന്ന് മലയാള സിനിമയെ വിളിച്ചിരുന്നവർ ഇന്ന് മാറ്റി പറയുകയാണെന്ന് നടൻ ടൊവിനോ തോമസ് പറയുന്നു. കൊവിഡ് സമയത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമിച്ചത് മലയാള സിനിമയാണെന്നും കഴിഞ്ഞ വർഷം ഇറങ്ങിയ പല ചിത്രങ്ങളും ഒരുപാട് മുമ്പ് ഷൂട്ടിങ് പൂർത്തിയാക്കിയതാണെന്നും ടൊവിനോ പറഞ്ഞു.

നിലവിൽ മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് 2022ൽ ഷൂട്ട് തുടങ്ങിയിരുന്നുവെന്നും ടൊവിനോ പറഞ്ഞു. പുതിയ ചിത്രം നടികറിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘ഒരു സമയത്ത് മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നു. സിനിമയ്ക്കുള്ളിൽ വർക്ക്‌ ചെയ്യുന്ന ആളുകൾ എന്ന നിലയ്ക്ക് ഞങ്ങൾക്ക് നല്ല വിഷമമുണ്ടായിരുന്നു. കാരണം നമ്മൾ ഇന്ന് ഷൂട്ട്‌ ചെയ്തിട്ട് നാളെ ഇറക്കുന്ന ഒന്നാലല്ലോ സിനിമ. കൊറോണയൊക്കെ വന്നപ്പോൾ പരിമിതികൾക്കിടയിൽ നിന്ന് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ടാവുക മലയാളം ഇൻഡസ്ട്രിയായിരിക്കും.

അന്നൊക്കെ ആദ്യം ഒ. ടി. ടിയിൽ സിനിമകൾക്ക് ഒരു തള്ള് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സെല്ലാവാതെ ഇരിക്കുന്ന അവസ്ഥയൊക്കെ വന്നിരുന്നു. കഴിഞ്ഞ കൊല്ലം ഇറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം ഷൂട്ട്‌ ചെയ്ത ചിത്രങ്ങളല്ല. വളരെയധികം സ്ട്രഗിൾ ചെയ്തിരുന്ന സിനിമകളും കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. അതുകൊണ്ട് മലയാള സിനിമക്ക് വലിയ പ്രതിസന്ധിയാണെന്നും മലയാള സിനിമയുടെ അവസാനമാണെന്നും പറഞ്ഞവരൊക്കെയുണ്ട്.

വലിയ വലിയ സിനിമകൾ ചെയ്യണം ഇറക്കണമെന്നുള്ള ചിന്തകൾ ആദ്യ മുതലേ ഉണ്ടായിരുന്നു. എന്നാൽ അതിന് മൊത്തത്തിൽ എല്ലാമൊന്ന് റെഡിയായി വന്നത് കഴിഞ്ഞ വർഷമൊക്കെയാണ്. അപ്പോഴെക്കെ ഷൂട്ട് ചെയ്ത സിനിമകൾ ഇറങ്ങുന്നതേയുള്ളൂ. മഞ്ഞുമ്മൽ ബോയ്സ് 2022ൽ ഷൂട്ട്‌ ചെയ്തിരുന്ന സിനിമയാണ്. നമ്മളെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിക്കുമ്പോഴും മഞ്ഞുമ്മൽ ബോയ്സിന്റെ ഷൂട്ട് നടക്കുന്നുണ്ട് എന്നാലോചിക്കണം.

 

അതൊക്കെ വെച്ചുനോക്കുമ്പോൾ സമയം എടുത്തിട്ടാണെങ്കിലും ആളുകൾ അത് മാറിപറയുന്നുണ്ട്. ഞങ്ങൾക്ക് ഉറപ്പായിരുന്നു അത് മാറ്റി പറയുമെന്ന്. കാരണം മഞ്ഞുമ്മലിന്റെ സെറ്റിലൊക്കെ ഞാൻ പോയിട്ടുണ്ട്. എല്ലാവരും എന്റെ സുഹൃത്തുക്കളല്ലേ. മഞ്ഞുമ്മൽ വലിയ വിജയമാവുമെന്ന് അന്ന് തന്നെ ഉറപ്പുണ്ടായിരുന്നു. അതുപോലെ ഇപ്പോൾ ഇറങ്ങി വലിയ വിജയമായി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ മലയാള സിനിമയ്ക്ക് പുതിയ വാതിലുകൾ തുറക്കുമെന്ന് ഞങ്ങൾക്കറിയാം.

ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ എന്നാണ് എന്റെ സംശയം. തീർച്ചയായും ആ ഒരു കുതിപ്പിന് തടസമില്ലാതെ നമ്മുടെ സിനിമയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം,’ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About New Era Of Malayalam Cinema