Sports News
മുന്നില്‍ സഞ്ജു തന്നെ, രണ്ടാമനായി ഡു പ്ലെസിസ്; ഹൈദരാബാദിനെതിരെ ഇങ്ങനെയും റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Sunday, 30th March 2025, 6:33 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തിലാണ് മത്സരം. ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്.

ബാറ്റിങ് കരുത്തില്‍ 300 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. 18.4 ഓവറില്‍ 163 റണ്‍സിനാണ് ഹൈദരാബാദിനെ ദല്‍ഹി തളച്ചത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. 27 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും അടക്കം അര്‍ധ സെഞ്ച്വറി നേടിയ ഫാഫ് ഡു പ്ലെസിസിനേയാണ് ദല്‍ഹിക് ആദ്യം നഷ്ടമായത്.

എന്നിരുന്നാലും 2020ന് ശേഷം ഐ.പി.എല്ലില്‍ ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഡു പ്ലെസിസ് നേടിയത്. ഈ നേട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസനാണ് മുന്നില്‍.

2020ന് ശേഷം ഐ.പി.എല്ലില്‍ ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്

സഞ്ജു സാംസണ്‍ – 444

ഫാഫ് ഡു പ്ലെസിസ് – 405

ഋതുരാജ് ഗെയ്ക്വാദ് – 394

നിതീഷ് റാണ – 377

ശുഭ്മന്‍ ഗില്‍ -344

ഫാഫിന് ശേഷം ഓപ്പണര്‍ ജാക് ഫ്രേസര്‍ മക്ഗര്‍ഗിനേയാണ് ദല്‍ഹിക്ക് നഷ്ടമായത്. 32 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടിയാണ് താരം പുറത്തായത്.

അതേസമയം സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫൈഫര്‍ നേട്ടമാണ് ഹൈദരാബാദിനെ പെട്ടന്ന് തകര്‍ക്കാന്‍ തുണയായത്. ആദ്യ ഓവറിന് എത്തിയ ദല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അവസാന പന്തില്‍ വിപ്രജ് നിഗം ഓപ്പണര്‍ അഭിഷേക് ശര്‍മയെ റണ്‍ ഔട്ടിലൂടെ പുറത്താക്കിയാണ് തുടങ്ങിയത്. ഒരു റണ്‍സിനാണ് താരം കൂടാരം കയറിയത്.

ശേഷം ഇറങ്ങിയ ഇഷാന്‍ കിഷനെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പറഞ്ഞയച്ച് വീണ്ടും സ്റ്റാര്‍ക്ക് തിളങ്ങി. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് തുടങ്ങിയ ഇഷാനെ രണ്ട് റണ്‍സിനാണ് സ്റ്റാര്‍ക്ക് മടക്കിയത്. നാലാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെ പൂജ്യം റണ്‍സിന് പുറത്താക്കി സ്റ്റാര്‍ക്ക് വീണ്ടും സൂപ്പര്‍ സ്റ്റാറായി. തുടര്‍ന്ന് വിവിയന്‍ മുള്‍ഡര്‍ (9) ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരെയും സ്റ്റാര്‍ക്ക് പറഞ്ഞയച്ചു.

ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് അനികേത് വര്‍മയാണ്. 41 പന്തില്‍ നിന്ന് ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് താരം പുറത്തായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ബിഗ് ഷോട്ടിന് ശ്രമിച്ച താരത്തെ ബൗണ്ടറി ലൈനില്‍ നിന്ന് ജാക് ഫ്രേസര്‍ ഐതിഹാസികമായ ക്യാച്ചില്‍ കുരുക്കുകയായിരുന്നു. മധ്യ നിരയില്‍ 32 റണ്‍സ് നേടിയാണ് ഹെന്റിച്ച് ക്ലാസന്‍ പുറത്തായത്. മോഹിത് ശര്‍മയ്ക്കാണ് വിക്കറ്റ്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 22 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. മത്സരത്തില്‍ സ്റ്റാര്‍ക്കിന് പുറമെ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും മോഹിത് ഒരു വിക്കറ്റും നേടി.

Content Highlight: 2025 IPL: Faf d Du Plessis In Record Achievement Against SRH