Film News
ആ തല്ലൊരു ഭയങ്കര പരിപാടിയായിരുന്നു, ലാലേട്ടനും രാജുവേട്ടനും ഒപ്പമിരുന്നാണ് അത് കണ്ടത്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 26, 05:09 am
Friday, 26th August 2022, 10:39 am

ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ വേറിട്ടൊരു ചിത്രമാണ് തല്ലുമാല. തല്ലിന് ഇത്രയും പ്രാധാന്യം കൊടുത്ത മറ്റൊരു മലയാള ചിത്രമുണ്ടോ എന്ന് സംശയമാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത തല്ലുമാല ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

എന്നാല്‍ തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് മറ്റൊരു തല്ലാണെന്ന് പറയുകയാണ് ടൊവിനോ. ലൂസിഫറിലെ മോഹന്‍ലാലിന്റെ തല്ല് തിയേറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍ ഭയങ്കര ഇമ്പാക്റ്റ് ആയിരുന്നുവെന്നും അത് പ്ലേസ് ചെയ്തത് ആ രീതിയിലാണെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

‘സ്റ്റൈല്‍ വെച്ചിട്ട് ലൂസിഫറിലെ ലാലേട്ടന്റെ തല്ലാണ് ഇഷ്ടം. ആ സീന്‍ പ്ലേസ് ചെയ്ത രീതി കൊണ്ടൊക്കെയാണ് അത്. ഞാന്‍ തിയേറ്ററിലിരുന്നാണ് ആ സിനിമ കണ്ടത്. ലാലേട്ടനും രാജുവേട്ടനും ഒപ്പമുണ്ടായിരുന്നു. അങ്ങനെ കാണുന്ന സമയത്ത് ഭയങ്കര പരിപാടിയായിരുന്നു. സ്റ്റീഫന്‍ നമ്മള്‍ വിചാരിക്കുന്ന ആളല്ല എന്നൊക്കെ പറയുന്നത് ഭയങ്കര ഇമ്പാക്റ്റ് ആയിരുന്നു,’ ടൊവിനോ പറഞ്ഞു.

‘തല്ലിനെ പറ്റി ഞാന്‍ ഒരു സിനിമ തന്നെ ചെയ്തിരിക്കുകയാണ്. മിന്നല്‍ മുരളി വേറെ തലത്തില്‍ നില്‍ക്കുന്ന സിനിമയാണ്. ഇത് രണ്ടും കമ്പയര്‍ ചെയ്യാന്‍ പറ്റില്ല. രണ്ടും വ്യത്യസ്തമായ ഫീലാണ് നല്‍കുന്നത്. രണ്ട് തരം ഫൈറ്റാണ്.

കളയിലേതു പോലെയുള്ള ഫൈറ്റ് മിന്നല്‍ മുരളിയില്‍ ചെയ്യാന്‍ പറ്റില്ല, മിന്നല്‍ മുരളിയിലേത് പോലത്തെ ഫൈറ്റ് കളയിലും ചെയ്യാന്‍ പറ്റില്ല. തല്ലുമാല അതില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ്. ഏറ്റവും കൂടുതല്‍ ഫൈറ്റിന് വേണ്ടി മെനക്കെട്ടിട്ടുള്ളത് തല്ലുമാലയിലായിരിക്കും. തല്ലുമാലയിലെ ഏറ്റവും ഫേവറൈറ്റ് തല്ല് തിയേറ്ററിലേതാണ്, പിന്നെ കല്യാണ അടിയും. അത് രണ്ടും പൊളിയാണ്,’ ടൊവിനോ പറഞ്ഞു.

ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിറുമായി ഒന്നിക്കുന്ന നടികര്‍ തിലകം, ഡോ. ബിജുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന അദൃശ്യ ജാലകങ്ങള്‍, ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടെ പുതിയ പ്രൊജക്റ്റുകള്‍.

Content Highlight: Tovino thomas says that mohanlal’s fight in lucifer is his favorite