Entertainment news
ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍; ഫോറന്‍സിക് ടീമിന്റെ പുതിയ ചിത്രം ഐഡന്റിറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 13, 01:46 pm
Saturday, 13th August 2022, 7:16 pm

ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം പുതിയ സിനിമയുമായി ടൊവിനോ തോമസ്. നടന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഐഡന്റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രം ‘ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍’ ആയിരിക്കുമെന്നും ടൊവിനോ അറിയിച്ചു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തില്‍ നായികയായി എത്തുക.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. സെഞ്ചുറി കൊച്ചുമോന്‍ നിര്‍മാണ പങ്കാളിയാണ്. സിനിമയുടെ ചിത്രീകരണം 2023ലാണ് ആരംഭിക്കുക.

2020 ഫെബ്രുവരി 28നായിരുന്നു ഫോറന്‍സിക് തിയേറ്ററുകളിലെത്തിയത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആയിരുന്നു നായിക. ഋതിക സേവ്യര്‍ ഐപിഎസ്സ് എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് മംമ്ത അഭിനയിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന കൊലപാതക പരമ്പരകളും അതിന്റെ തുടര്‍ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം റിലീസ് ടൊവിനോ ചിത്രം തല്ലുമാലക്ക് മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമക്ക് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്.


മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ബീപാത്തുവായി കല്യാണി പ്രിയദര്‍ശനും എത്തുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍, അദ്രി ജോയ് തുടങ്ങിയവരാണ് മറ്റു ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

Content Highlight: Tovino Thomas joining with Forensic movie team for a new movie titled as Identity