Film News
'കാത്തിരിക്കുകയാണ്'; ഭീഷ്മ പര്‍വം-നാരദന്‍ ക്ലാഷ് റിലീസിനെ പറ്റി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 27, 12:31 pm
Sunday, 27th February 2022, 6:01 pm

മാര്‍ച്ച് മൂന്നിനായാണ് ഇപ്പോള്‍ മലയാള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ഭീഷ്മ പര്‍വവും, ടൊവിനോ-ആഷിഖ് അബു കൂട്ടികെട്ടില്‍ നാരദനും അന്നാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്.

ഇരു ചിത്രങ്ങളുടെയും ക്ലാഷ് റിലീസിനെ ടൊവിനോയും പ്രതീക്ഷയോടെയാണ് കാണുന്നത്. ഭീഷ്മ പര്‍വത്തിനായി താനും കാത്തിരിക്കുകയാണെന്നും ടൊവിനോ പറയുന്നു. മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘എല്ലാവരേയും പോലെ ഞാനും കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. മമ്മൂട്ടിയും അമലേട്ടനും ഒന്നിക്കുന്ന ചിത്രം, പിന്നെ ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള ചിത്രമാണ്. സിനിമയുടെ ട്രെയ്‌ലറൊക്കെ കണ്ട് എക്‌സൈറ്റഡായിരുന്നു,’ ടൊവിനോ പറഞ്ഞു.

‘ഈ സമയത്തെ മലയാള സിനിമയുടെ ഒരു സുവര്‍ണ കാലഘട്ടമായാണ് കാണുന്നത്. കുറെ നല്ല സിനിമകള്‍ വരുന്നു. നാരദനും ഭീഷ്മ പര്‍വവും നല്ല സിനിമകളാവട്ടെ.

രണ്ടും രണ്ട് തരത്തിലുള്ള സിനിമകളാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. രണ്ട് സിനിമകളും ഒരുപോലെ തിയേറ്ററില്‍ വിജയമാവട്ടെ. നമ്മളെല്ലാം ഒരു ടീമാണ്. നമുക്കിടയില്‍ ഒരു മത്സരം ഉണ്ടെങ്കിലും പുറത്തേക്ക് പോകുമ്പോള്‍ ക്വാളിറ്റിയുള്ള സിനിമകളാകണം എന്നാണ് ആഗ്രഹിക്കുന്നത്. രണ്ട് സിനിമകളും ഒരേ ദിവസം വരുന്നതില്‍ ഒരുപാട് എക്‌സൈറ്റഡാണ്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

വന്‍ ഹൈപ്പിലെത്തുന്ന മമ്മൂട്ടിയുടെ ഭീഷ്മ പര്‍വത്തിന്റെ ട്രെയ്‌ലറും ടീസറും ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം തന്നെ ഏറ്റവുമധികം ലൈക്ക് നേടിയ മലയാള സിനിമയുടെ ടീസര്‍ എന്ന റെക്കോര്‍ഡ് ഭീഷ്മ പര്‍വം നേടിയിരുന്നു.

മമ്മൂട്ടിയെ കൂടാതെ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, സൗബിന്‍ ഷാഹീര്‍, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നെടുമുടി വേണു, മാല പാര്‍വതി, നാദിയ മൊയ്ദു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന ചിത്രം എന്ന പ്രത്യേകതയും നാരദനുണ്ട്. മിന്നല്‍ മുരളിയിലൂടെ ടൊവിനോയ്ക്ക് ലഭിച്ച പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഇമേജും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

അന്ന ബെന്നാണ് നാരദനില്‍ നായികയായെത്തുന്നത്. ഷറഫുദ്ധീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഉണ്ണി ആര്‍. ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.


Content Highlight: tovino thomas about naradan bheeshma parvam clash release