Kerala News
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; മുണ്ടൂരിൽ ഇന്ന് സി.പി.ഐ.എം ഹർത്താൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 12:53 am
Monday, 7th April 2025, 6:23 am

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകൻ അലനാണ് (23 ) മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അലന്റെ അമ്മ വിജയ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ (ഞാറാഴ്ച) രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ മുണ്ടൂരിൽ സി.പി.ഐ.എം ഹർത്താൽ പ്രഖ്യാപിച്ചു.

അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. മുന്നിൽ നടക്കുകയായിരുന്ന ആളാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയെറിയുകയും പിന്നീട് ചവിട്ടുകയുമായിരുന്നു.

കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ അലന്റെ മാതാവ് ഫോൺ വിളിച്ച് പറഞ്ഞതോടെയാണ് സംഭവം ആളുകളറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ അലൻ മരണപ്പെടുകയായിരുന്നു.

തോളെല്ലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ അലന്റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്തു കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ നാലഞ്ച് വർഷങ്ങളിലായി അഞ്ചിലധികം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്.

ഒരാഴ്ചയായി കാട്ടാനക്കൂട്ടം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെന്നും എന്നാൽ വനം വകുപ്പിന് ഒന്നും ചെയ്യാനായില്ലെന്നും അതിനാലാണ് ഇത്തരം ഒരു അപകടമുണ്ടായതെന്നും നാട്ടുകാർ വിമർശിച്ചു.

അതേസമയം പാലക്കാട് ചുള്ളിമടയിൽ ജനവാസമേഖലയിൽ ഒറ്റയാൻ ഇറങ്ങിയിട്ടുണ്ട്. ചുള്ളിമാടയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിന്റെ മതിൽ ആന തകർത്തു. പടക്കം പൊട്ടിച്ചും മറ്റും നാട്ടുകാർ ആനയെ ഓടിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട്മൂന്ന് ദിവസങ്ങളിലായി അവൈഡ് രണ്ട് കാട്ടാനകൾ ഇറങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Content Highlight: young man died tragically in a wild elephant attack in Mundur, Palakkad; CPI(M) hartal in Mundur today