Advertisement
Entertainment
44 വര്‍ഷമായി ഒരു ഇന്ത്യന്‍ നടനും ലഭിക്കാത്ത ബഹുമതി നേടി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 10, 11:14 am
Sunday, 10th March 2024, 4:44 pm

നടനായും താരമായും മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. 12 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം ഒരേസമയം കൊമേഴ്‌സ്യല്‍ സിനിമകളിലും പരീക്ഷണ സിനിമകളിലും ഭാഗമാകാന്‍ ശ്രമിക്കുന്നുണ്ട്. താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആനന്ദ് എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷം ഗംഭീരമായി ചെയ്യാന്‍ ടൊവിനോക്ക് കഴിഞ്ഞു. ഇതിന് പിന്നാലെ മറ്റൊരു ബഹുമതിയും താരത്തെ തേടിയെത്തിയിരിക്കുകയാണ്.

പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനായി തെരഞ്ഞെടുത്തത് ടൊവിനോയെയായിരുന്നു. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയിലെ പ്രകടനമാണ് അവാര്‍ഡിനര്‍ഹമായത്. ഇതാദ്യമായാണ് പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒരു ഇന്ത്യന്‍ സിനിമ ഫൈനല്‍ റൗണ്ടില്‍ എത്തുന്നതും അവാര്‍ഡ് നേടുന്നതും. 44 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ സിനിമക്കും ഈ നേട്ടം നേടാന്‍ സാധിച്ചിട്ടില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40ലധികം സിനിമകളെ പിന്തള്ളിയാണ് ടൊവിനോ അവാര്‍ഡ് നേടിയത്.

ഈ വര്‍ഷം ടൊവിനോ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അവാര്‍ഡാണ് ഇത്. പോയ വര്‍ഷത്തെ മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റീമിയസ് അവാര്‍ഡിനും ടൊവിനോ അര്‍ഹനായിരുന്നു. 2018 എന്ന സിനിമയിലെ അഭിനയമാണ് ടൊവിനോക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ഒരു വര്‍ഷം തന്നെ രണ്ട് അന്താരാഷ്ട്ര അവാര്‍ഡ് നേടുക എന്ന അത്യപൂര്‍വ നേട്ടവും ഇതോടെ ടൊവിനോക്ക് കൈവന്നു.

നിലവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലാണ് താരം അഭിനയിക്കുന്നത്. യു.കെ, യു.എസ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലായാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. 2019ല്‍ റിലീസായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികറാണ് ടൊവിനോയുടെ പുതിയ സിനിമ. മെയ് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Tovino awarded for Best Actor in Porto International Film Festival