World News
അമേരിക്കയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; ആറ് സംസ്ഥാനങ്ങളിലായി 34 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
16 hours ago
Sunday, 16th March 2025, 10:26 am

വാഷിങ്ടണ്‍: അമേരിക്കയെ വീണ്ടും ദുരിതത്തിലാഴ്ത്തി ചുഴലിക്കാറ്റ്. നിലവിലെ കണക്കുകള്‍ പ്രകാരം ആറ് സംസ്ഥാനങ്ങളിലായി 34 പേര്‍ യു.എസില്‍ മരണപ്പെട്ടു. വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55ഓളം വാഹനാപകടങ്ങളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. വാഹനാപകടങ്ങളില്‍ മാത്രമായി എട്ട് പേരാണ് മരിച്ചത്. നിരവധി ആളുകളെ ചുഴലിക്കാറ്റില്‍ കാണാതായിട്ടുണ്ട്. ഇതില്‍ 34 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്.

മിസോറിയില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായും മൂന്ന് ആളുകളെ കാണാതായതായും മിസിസിപ്പി ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറായി യു.എസിലെ ഒന്നേമുക്കാല്‍ ലക്ഷം ആളുകള്‍ വൈദ്യുതി തടസവും നേരിടുന്നുണ്ട്.

ലൂസിയാന, ടെന്നസി, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ജാഗ്രത നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ അപകടകരമായ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റില്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം നടക്കുന്നതായി യു.എസ് അധികൃതര്‍ അറിയിച്ചു.

അടുത്ത കുറച്ച് ദിവസങ്ങള്‍ കൂടി ചുഴലിക്കാറ്റിന്റെ സാന്നിധ്യം സംസ്ഥാനങ്ങളില്‍ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച യു.എസിന്റെ കിഴക്കന്‍ തീരങ്ങളില്‍ കനത്ത മഴ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. മാര്‍ച്ചില്‍ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് അസാധാരണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലോസ് ആഞ്ചലസിലുണ്ടായ തീപിടുത്തം യു.എസില്‍ വലിയ നാശനഷ്ടത്തിനാണ് കാരണമായത്. ഇതിനുപിന്നാലെയാണ് ചുഴലിക്കാറ്റിന്റെ സാന്നിധ്യമുണ്ടായത്. തീപിടിത്തത്തില്‍ 29 മരണങ്ങളാണ് യു.എസില്‍ രേഖപ്പെടുത്തിയത്. അഗ്‌നിബാധയെ തുടര്‍ന്ന് ഏകദേശം 52 ബില്യണ്‍ ഡോളര്‍ മുതല്‍ 57 ബില്യണ്‍ ഡോളര്‍ വരെയുള്ള നാശനഷ്ടങ്ങള്‍ യു.എസില്‍ ഉണ്ടായിട്ടുണ്ട്.

ഹോളിവുഡിലെ നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ അടക്കം തീപിടിത്തത്തില്‍ നശിച്ചിരുന്നു. ഹോളിവുഡ് താരങ്ങളായ മാര്‍ക്ക് ഹാമില്‍, മാന്‍ഡി മൂര്‍, ജെയിംസ് വുഡ്സ് എന്നിവര്‍ അഗ്‌നിബാധയെത്തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.

ലോസ് ആഞ്ചലസിലെ പത്ത് ഏക്കറിലുണ്ടായ കാട്ടുതീ പിന്നീട് 3,000 ഏക്കറിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. പ്രദേശത്തെ ശക്തമായ കാറ്റും തീ വേഗത്തില്‍ ആളിപ്പടരാന്‍ കാരണമായിരുന്നു.

Content Highlight: Tornado hits US; 34 dead in six states