വേഷ പകര്‍ച്ചകളിലൂടെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച നടനാണ് മമ്മൂട്ടി. സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ പുഴുവിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സെക്കന്റുകള്‍ മാത്രമുള്ള ടീസര്‍ പുറത്തുവന്നതോടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മമ്മൂട്ടിയുടെ കഥാപാത്രം പീഡോഫൈല്‍ ആണെന്നും, അതല്ല ടോക്‌സിക് പാരന്റ് ആണെന്നും നെഗറ്റീവ് റോളാണെന്നുമൊക്കെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ചിത്രം റിലീസ് ചെയ്താല്‍ മാത്രമേ അറിയാന്‍ പറ്റുകയുള്ളു. പക്ഷേ മമ്മൂട്ടി നെഗറ്റീവ് വേഷത്തില്‍ എത്തിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നായകനായ സിനിമയിലും നെഗറ്റീവ് ഷേഡ് ഉള്ള വേഷത്തില്‍ മമ്മൂട്ടി എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡില്‍ എത്തി ചര്‍ച്ചയായ അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ഭാസ്‌ക്കര പട്ടേലര്‍ – വിധേയന്‍
ക്രൂരനായ ഭൂഉടമയായ ഭാസ്‌ക്കര പട്ടേലര്‍ ആയി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു വിധേയന്‍. ഒരു സൂപ്പര്‍ താരമായി നിറഞ്ഞുനില്‍ക്കുന്ന സമയത്ത് തന്നെയാണ് മമ്മൂട്ടി ഭാസ്‌ക്കര പട്ടേലര്‍ ആയി അഭിനയിച്ചത്.
സക്കറിയയുടെ ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിധേയന്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന, തന്റെ തൊഴിലാളിയായ തൊമ്മിയുടെ ഭാര്യയെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന, സ്വന്തം ഭാര്യയെ കൊലപ്പെടുത്തുന്ന ഭാസ്‌ക്കര പട്ടേലര്‍ ആയി എത്തിയ മമ്മൂട്ടിക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.
2. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി – പാലേരി മാണിക്യം
മുന്ന് വ്യത്യസ്ത റോളില്‍ മമ്മൂട്ടി എത്തിയ ചിത്രമായിരുന്നു പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ. ടി.പി രാജീവന്റെ കഥയെ അടിസ്ഥാനമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിദാസ്, ഖാലിദ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്നീ റോളിലായിരുന്നു മമ്മൂട്ടി എത്തിയത്.
പാലേരിയിലെ ക്രൂരനായ, സ്ത്രികളെ ചൂഷണം ചെയ്യുന്ന ജന്മിയായിട്ടായിരുന്നു അഹമ്മദ് ഹാജി ചിത്രത്തില്‍ എത്തിയത്. 1957 മാര്‍ച്ച് 30 ന് പാലേരിയില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന യുവതിയുടെ കൊലപാതകത്തിന്റെ അന്വേഷണ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ കഥ പറഞ്ഞത്.
കടത്തനാടന്‍ ശൈലിയിലുള്ള മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും മമ്മൂട്ടി നേടി.
പി. പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂടെവിടെ. മമ്മൂട്ടി, സുഹാസിനി, റഹ്മാന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രത്തിനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്.
ആലിസ് എന്ന തന്റെ കാമുകി ജോലി ചെയ്യുന്ന വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ രവി പുത്തുരാനെ കൊലപ്പെടുത്തി ജയിലില്‍ പോകുന്ന കഥാപാത്രമായിരുന്നു ക്യാപ്റ്റന്‍ തോമസ്.
എം. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പരുന്ത്. ചിത്രത്തില്‍ നായക കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നതെങ്കിലും സിനിമയുടെ ആദ്യ പകുതിയില്‍ കണ്ണില്‍ ചോരയില്ലാത്ത പലിശക്കാരനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പരുന്ത് പുരുഷോത്തമന്‍ എന്ന നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
5. മുന്നറിയിപ്പ് – സി.കെ രാഘവന്‍
ഒരൊറ്റ ചിരിയിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച സിനിമയായിരുന്നു വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്. ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ സി.കെ രാഘവന്‍ എന്ന തടവുപുള്ളിയായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. സമീപ കാലത്ത് ഇറങ്ങി പ്രേക്ഷകരെ ഞെട്ടിച്ച നെഗറ്റീവ് കഥാപാത്രമാണ് സി.കെ രാഘവന്‍ എന്ന് ഒരു തരത്തില്‍ പറയാം.