ജോജു ജോര്‍ജിനെ ആക്രമിച്ച കേസ്; ടോണി ചമ്മണി ഒളിവില്‍ പോയെന്ന് പൊലീസ്
Kerala News
ജോജു ജോര്‍ജിനെ ആക്രമിച്ച കേസ്; ടോണി ചമ്മണി ഒളിവില്‍ പോയെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd November 2021, 10:33 pm

കൊച്ചി: വൈറ്റിലയില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് നടത്തിയ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി, കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മണി ഒളിവിലെന്ന് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കൊച്ചി മുന്‍ മേയര്‍ കൂടിയായ ടോണിയുടെ കലൂരിലെ വീട്ടിലെത്തിയ പൊലീസാണ് അദ്ദേഹം കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്ന് അറിയിച്ചത്.

ടോണിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ടോണി അടക്കമുള്ള പ്രതികള്‍ അറസ്റ്റ് ഭയന്ന് മുങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്.

ടോണി ചമ്മിണി ജോജുവിന്റെ കാര്‍ തടയുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ‘ചുണയുണ്ടെങ്കില്‍ ഇറങ്ങി വാടാ’ എന്നുവരെ ടോണി അടക്കമുള്ളവര്‍ ജോജുവിനോട് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്.

ടോണിയുടെ നേതൃത്വത്തിലാണ് നടനെ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിലും പൊലീസ് വ്യക്തമാക്കിയിരുന്നു. കാറിന്റെ ചില്ല് തകര്‍ത്തത് വഴി ജോജുവിന് ആറ് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ടോണിക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റ് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സ്വകാര്യ സ്വത്ത് നശിപ്പിച്ചാലും പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കേസെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ധന വിലവര്‍ധനവിനെതിരെ ദേശീയ പാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് തര്‍ക്കത്തിലും കയ്യേറ്റത്തിലുമെത്തുകയായിരുന്നു.

സമരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

ദേശീയപാതയില്‍ ഇറങ്ങി നടന്നപ്പോള്‍ മാസ്‌ക് ധരിക്കാതിരുന്ന ജോജു, കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

അനധികൃതമായി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചെന്ന പേരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tony Chammany Actor Joju George Fuel Price hike