വിവരമറിഞ്ഞ നെഹ്‌റു വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയാനാണ് ഗോവിന്ദ്‌വല്ലഭായ്പന്തിനോട് ആവശ്യപ്പെട്ടത്. നെഹ്‌റുവിന്റെ അഭ്യര്‍ഥനകളെ ഹിന്ദുത്വവാദികള്‍ക്കുവേണ്ടി നിരസിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്താന്‍ എല്ലാ സൗകര്യങ്ങളും ഹിന്ദുത്വവാദികള്‍ക്ക് ചെയ്തുകൊടുക്കുകയാണുണ്ടായത്. നെഹ്‌റു ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഹിന്ദുത്വവാദികള്‍ക്ക് പാദസേവചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ തലമുറ ഗോവധമുള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡയുടെ തുറന്ന വക്താക്കളായി പഴയപണി തുടരുകയാണല്ലോ.
| #TodaysPoint : കെ.ടി കുഞ്ഞിക്കണ്ണന്‍ |
സിറാജ് ദിനപത്രത്തില്‍ കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും സി.പി.ഐ.എം നേതാവുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ “മൃദു ഹിന്ദുത്വവും കോണ്‍ഗ്രസും” (7/6/2016) എന്ന ലേഖനത്തിലെ മുപ്പതിയഞ്ച് ശതമാനം വരുന്ന ഭാഗമാണ് ടുഡെയ്‌സ് പോയന്റില്‍ പ്രസിദ്ധീകരിക്കുന്നത്.
നമ്മുടെ മതനിരപേക്ഷതയുടെ കുംഭഗോപുരങ്ങള്‍ തന്നെയാണ് ബാബ്‌റി മസ്ജിദ് തകര്‍ത്തതിലൂടെ സംഘപരിവാര്‍ നിലംപരിശാക്കിയത്. ഗാന്ധിവധത്തിനുശേഷം രാജ്യം ദര്‍ശിച്ച ഹീനമായ രാഷ്ട്രീയ ഉപജാപമാണ് 1992 ഡിസംബര്‍ 6ന് അയോധ്യയില്‍ അരങ്ങേറിയത്. സ്വതന്ത്ര ഇന്ത്യയില്‍ ബാബരിമസ്ജിദ് തര്‍ക്കഭൂമിയായി കണ്ട് പൂട്ടിയിട്ടത് ഡല്‍ഹിയിലെയും യു. പിയിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്.
1949 ഡിസംബര്‍ 22നാണല്ലോ ബാബരി മസ്ജിദിനുള്ളിലേക്ക് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിവെച്ചതിനുശേഷം രാമവിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് നുണപ്രചരണം നടത്തിയത്. 400 വര്‍ഷത്തിലേറെക്കാലം മുസ്‌ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ഒരാരാധനാലയം കൈയടക്കാനുള്ള ഹിന്ദുത്വവാദികളുടെ ഈ നീക്കത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വശക്തികളായിരുന്നു.
അഖണ്ഡരാമായണ യജ്ഞത്തിന് സമാപനം കുറിച്ചുകൊണ്ട് പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭാ നേതാക്കള്‍ യു പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായിരുന്നു. ബാബാ രാഘവദാസ്, ദ്വിഗ്‌വിജയ്‌നാഥ്, സ്വാമി സര്‍പത്‌നി തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ നടന്ന അഖണ്ഡ രാമായണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ടാണ് പള്ളിക്കകത്തേക്ക് അതിക്രമിച്ചു കടന്നത്. ഇതിനെല്ലാം സഹായവും ഫൈസാബാദ് ഡിസ്ട്രിക്ട് കലക്ടറായിരുന്ന കെ.കെ.നായരുടെ ഭാഗത്തുനിന്ന് ഹിന്ദുത്വവാദികള്‍ക്ക് ലഭിച്ചു. യു പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഗോവിന്ദവല്ല ഭായ്പന്തിന്റെ സഹായവും അനുഗ്രഹാശിസുകളും ഉദാരമായിതന്നെ ഈ കൊടുംപാതകത്തിന് ഉണ്ടായിരുന്നു.
വിവരമറിഞ്ഞ നെഹ്‌റു വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയാനാണ് ഗോവിന്ദ്‌വല്ലഭായ്പന്തിനോട് ആവശ്യപ്പെട്ടത്. നെഹ്‌റുവിന്റെ അഭ്യര്‍ഥനകളെ ഹിന്ദുത്വവാദികള്‍ക്കുവേണ്ടി നിരസിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്താന്‍ എല്ലാ സൗകര്യങ്ങളും ഹിന്ദുത്വവാദികള്‍ക്ക് ചെയ്തുകൊടുക്കുകയാണുണ്ടായത്. നെഹ്‌റു ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഹിന്ദുത്വവാദികള്‍ക്ക് പാദസേവചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ തലമുറ ഗോവധമുള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡയുടെ തുറന്ന വക്താക്കളായി പഴയപണി തുടരുകയാണല്ലോ.
കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളുടെ ബാബ്‌രിമസ്ജിദ് നയത്തില്‍ പ്രതിഷേധിച്ച് അന്നത്തെ ഫൈസാബാദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം പി ആചാര്യ നരേന്ദ്രദേബ് എം പി സ്ഥാനം രാജിവെക്കുകയുണ്ടായി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അദ്ദേഹം ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് ബാബരി മസ്ജിദിലേക്ക് വിഗ്രഹം ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭക്കാരനായ ബാബാരാഘവദാസിനെയായിരുന്നല്ലോ.
ബാബരി മസ്ജിദ് സംഭവത്തില്‍ യു പി സര്‍ക്കാറും കോണ്‍ഗ്രസും സ്വീകരിച്ച ഹീനമായ നീക്കങ്ങളില്‍ പ്രതിഷേധമുയര്‍ത്തി ഫൈസാബാദിലെ ഡി സി സി സെക്രട്ടറിയായിരുന്ന അക്ഷയബ്രഹ്മചാരി പരസ്യമായി രംഗത്തുവന്നു. ഹിന്ദുത്വശക്തികളും കോണ്‍ഗ്രസും നടത്തുന്ന ഈ വര്‍ഗീയ ഒത്തുകളി രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും യു പി സര്‍ക്കാറും വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്നതിനെതിരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു. ഹിന്ദുമഹാസഭക്കാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഫൈസാബാദിലെ അദ്ദേഹത്തിന്റെ ആശ്രമം അഗ്‌നിക്കിരയാക്കുകയായിരുന്നു. അതിനെതുടര്‍ന്ന് അദ്ദേഹത്തിന് ലക്‌നൗവിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഉടുതുണി പോലുമില്ലാതെ ആ കോണ്‍ഗ്രസ് ജില്ലാകമ്മറ്റി സെക്രട്ടറിക്ക് മതഭ്രാന്തരായ സ്വന്തം അണികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകേണ്ടിവന്നു.