ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറെ ഫാന്‍ബേസുള്ള ഫ്രാഞ്ചൈസി ലീഗാണ് ടി.എന്‍.പി.എല്‍ എന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗ്. ഇതിന് പിന്നാലെ കര്‍ണാടക പ്രീമിയര്‍ ലീഗ് അടക്കമുള്ള ലീഗുകള്‍ പിറവിയെടുത്തെങ്കിലും അവര്‍ക്കൊന്നും തന്നെ പ്രാദേശിക ഫ്രാഞ്ചൈസി ലീഗ് എന്ന നിലയില്‍ ടി.എന്‍.പി.എല്ലിന്റെ അടുത്തുപോലും എത്താന്‍ സാധിച്ചിട്ടില്ല.
‘നമ്മ ഊര് നമ്മ ഗത്ത്’ എന്ന ടാഗ്‌ലൈനോടെ തമിഴ്നാട്ടില്‍ ക്രിക്കറ്റിന് വിപ്ലവകരമായ മാറ്റമാണ് ടി.എന്‍.പി.എല്‍ കൊണ്ടുവന്നത്. കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും ടി.എന്‍.പി.എല്‍ മുന്നില്‍ തന്നെയായിരുന്നു.
ഇത്തരത്തില്‍ തമിഴ്‌നാട് ക്രിക്കറ്റില്‍ നിന്നും വളര്‍ന്നുവന്ന താരങ്ങള്‍ ഒരുപാട് പേരുണ്ട്. ടി.എന്‍.പില്ലിലെ പ്രകടനം കണ്ട് ഐ.പി.എല്‍ ടീമുകള്‍ കൊത്തിക്കൊണ്ടുപോയ താരങ്ങളും നിരവധിയാണ്.
അത്തരത്തില്‍ കഴിഞ്ഞ സീസണിലെ വിജയികളായ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിച്ച സായ് സുദര്‍ശനും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുന്ന ബാബ ഇന്ദ്രജിത്തും, രാജസ്ഥാന്‍ റോയല്‍സിന്റെ മുരുഗന്‍ അശ്വിനും എല്ലാം തന്നെ ടി.എന്‍.പി.എല്‍ പ്രൊഡക്ടുകളാണ്.
കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കായിരുന്നു സായ് സുദര്‍ശനെ ഗുജറാത്ത് ടൈറ്റന്‍സ് ലേലം കൊണ്ടത്. കഴിഞ്ഞ സീസണില്‍ ടൈറ്റന്‍സിനായി അഞ്ച് മത്സരത്തില്‍ നിന്നും 145 റണ്‍സാണ് സായ്‌സുദര്‍ശന്‍ സ്വന്തമാക്കിയത്.
എന്നാല്‍ ടി.എന്‍.പി.എല്ലില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് സായ് സുദര്‍ശന് ലഭിച്ചത് താരത്തിനായി ടീമുകളെല്ലാം തന്നെ പണംവാരിയെറിഞ്ഞപ്പോള്‍ 21.6 ലക്ഷം രൂപക്കാണ് ലൈക്ക കോവൈ കിങ്‌സ് താരത്തെ ടീമിലെത്തിച്ചത്.