national news
എട്ട് പേര്‍ കൊല്ലപ്പെട്ടു,നിരവധി പ്രവര്‍ത്തകരെ കാണാനില്ലെന്ന് ബി.ജെ.പി: തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി സംഘര്‍ഷം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 09, 07:13 am
Sunday, 9th June 2019, 12:43 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നയിജാതിലായില്‍ ശനിയാഴ്ച വൈകിട്ട് ഏഴിന് തുടങ്ങിയ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും തൃണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തരാണ് പിന്നിലെന്നും സംസ്ഥാനത്തെ ബി.ജെ.പി വൃത്തം അറിയിച്ചു. 18 ഓളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകരെ കാണാനില്ലെന്നും ആരോപണം ഉയര്‍ത്തി.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടിയും ആരോപിച്ചു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

സംഭവസ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബാഷിര്‍ഹട്ട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ടതാണ് സംഘര്‍ഷമുണ്ടായ പ്രദേശം. പൊതുസ്ഥലത്തുനിന്നും പാര്‍ട്ടി പതാകകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷമായി മാറിയത്.