അഭിനേതാവ് പെട്ടെന്ന് കഥാപാത്രമാവുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ. പെട്ടെന്ന് കഥാപാത്രമാവുകയെന്നത് ഓരോരുത്തരുടെയും ക്രാഫ്റ്റും ടാലന്റും അനുസരിച്ചിരിക്കുമെന്ന് ടിനു പറഞ്ഞു. മോഹൻലാൽ ക്യാമറ ഓൺ ആക്കിയാൽ കഥാപാത്രമാവുമെന്നും എന്നാൽ എല്ലാവരും അങ്ങനെയെല്ലെന്നും ടിനു പറയുന്നുണ്ട്.
ഓരോ അഭിനേതാവിന്റെയും അനുഭവവും ക്രാഫ്റ്റും അനുസരിച്ചിരിക്കുമെന്നും ടിനു പറയുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ.
‘അതോരോരുത്തരുടെ ക്രാഫ്റ്റും ടാലന്റും അനുസരിച്ചിരിക്കും. ലാൽ സാർ വളരെ സിമ്പിൾ ആണ്. അദ്ദേഹം സെറ്റിൽ തമാശ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഷോട്ട് റെഡി എന്ന് പറഞ്ഞാൽ റെഡിയാണ്. അദ്ദേഹം ക്യാമറ ഓൺ ചെയ്യുമ്പോൾ വാലിബനാവും. ചിലരെ സംബന്ധിച്ച് അങ്ങനെയല്ല. ഉദാഹരണത്തിന് വിനയ് ഫോർട്ട്, കിടിലം ആക്ടറാണ്. ഞാൻ ചുരുളിയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.
വിനയ് ഫോർട്ട് ലാൽ സാറിനെ പോലെയല്ല. അദ്ദേഹം ആ ക്യാരക്ടറിനെ പറ്റി പഠിക്കുകയും അതിനെപ്പറ്റി റിസർച്ച് ചെയ്യുകയും ആലോചിക്കുകയും ചെയ്തിട്ടാണ് വരുക. അത് ഓരോരുത്തരുടെ രീതിയാണ്. ലാൽ സാർ അങ്ങനെയൊന്നുമില്ല. ഷോട്ട് റെഡി എന്ന് പറഞ്ഞാൽ ഓക്കെ റെഡി എന്നാണ് മറുപടി. വിനയ് ഷോട്ട് റെഡി എന്ന് പറഞ്ഞാൽ കുറച്ച് സമയം എടുക്കും. ഓരോരുത്തരുടെ ക്രാഫ്റ്റും എക്സ്പീരിയൻ സും അനുസരിച്ചിരിക്കും,’ ടിനു പാപ്പച്ചൻ പറഞ്ഞു.
മോഹൻലാലിന് പുറമെ മലൈക്കോട്ടൈ വാലിബനിൽ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Content Highlight: Tinu papachan about mohanlal’s acting skill