ഖേല്‍രത്‌നാ പുരസ്‌കാര പ്രഖ്യാപനം നാളെ; ടിന്റു ലൂക്കയും ദീപികാ പള്ളിക്കലും സാധ്യതാ പട്ടികയില്‍
Daily News
ഖേല്‍രത്‌നാ പുരസ്‌കാര പ്രഖ്യാപനം നാളെ; ടിന്റു ലൂക്കയും ദീപികാ പള്ളിക്കലും സാധ്യതാ പട്ടികയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2016, 8:17 pm

Tintu-luka
ന്യൂദല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന-അര്‍ജുന പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. ടിന്റു ലൂക്കയും സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും ഖേല്‍രത്‌ന പുരസ്‌കാര സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തുഴച്ചില്‍ താരം ബെറ്റി ജോസഫ്, ഒ.പി ജെയ്ഷ എന്നിവര്‍ അര്‍ജുന അവാര്‍ഡിന്റെ സാധ്യതാ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെയും അജിങ്ക്യ രഹാനെ അര്‍ജുന അവാര്‍ഡിന്റെയും സാധ്യത പട്ടികയില്‍ ഉണ്ട്.

പുരസ്‌കാരം ലഭിച്ചാല്‍ സച്ചിനും ധോണിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോഹ്‌ലി. സച്ചിന് 1997ലും ധോണിക്ക് 2008 ലുമാണ് പുരസ്‌കാരം ലഭിച്ചത്.

1991 മുതലാണ് കായിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് രാജിവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദായിരുന്നു പ്രഥമ പുരസ്‌കാര ജേതാവ്.

കഴിഞ്ഞ വര്‍ഷം ടെന്നീസ് താരം സാനിയ മിര്‍സയ്ക്കായിരുന്നു പുരസ്‌കാരം. ഇതുവരെ 28 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ഏഴര ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് ഖേല്‍രത്‌ന പുരസ്‌കാരം. എസ്.കെ അഗാര്‍വാളിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.