Entertainment news
എല്ലാ തെരഞ്ഞെടുപ്പിലും സിനിമാക്കാര്‍ കാത്തിരിക്കുന്ന വിജയം അദ്ദേഹത്തിന്റേതാണ്: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 17, 04:38 pm
Wednesday, 17th May 2023, 10:08 pm

എല്ലാ തെരഞ്ഞെടുപ്പിലും സിനിമാക്കാര്‍ കാത്തിരിക്കുന്ന വിജയം എ.എം.ആരിഫിന്റേതാണെന്ന് നടന്‍ ടിനി ടോം. കൗമുദി മൂവീസിസില്‍ ഒരു ടിനി കഥ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ സിനിമാക്കാരുമായി ബന്ധം പുലര്‍ത്തുന്ന ആളാണ് ഇപ്പോഴത്തെ ആലപ്പുഴ എം.പിയായ എ.എം. ആരിഫ് എന്നും ടിനി ടോം പറഞ്ഞു.

സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ടിനി ടോം നടത്തിയ പ്രസ്താവനയെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം സിനിമാകാര്‍ക്ക് എ.എം.ആരിഫുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചത്.

‘എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും ഞങ്ങള്‍ സിനിമാക്കാര്‍ കാത്തിരിക്കുന്നത് ഒരു റിസള്‍ട്ട് അറിയാനാണ്. അത് എ.എം. ആരിഫിന്റേതാണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ല. മറിച്ച്, ഏറ്റവും കൂടുതല്‍ സിനിമാക്കാരുമായി ബന്ധം പുലര്‍ത്തുന്ന ആളാണ് അദ്ദേഹം.

അദ്ദേഹം എം.എല്‍.എ ആയിരുന്ന സമയത്ത് കുറച്ച് സ്ഥലങ്ങളില്‍ പോയാല്‍ മതിയായിരുന്നു. എം.എല്‍.എയുടെ പരിധിയില്‍ മാത്രം പോയാല്‍ മതിയായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയം ഞെട്ടിച്ചു. ദുഃഖം കൊണ്ടല്ല, സന്തോഷം തന്നെയാണ്. ഞെട്ടാനുള്ള കാരണം എം.പിയുടെ ഏരിയ എന്ന് പറയുന്നത് ചേര്‍ത്തല മുതല്‍ തുടങ്ങുകയാണ്. കരുനാഗപ്പള്ളി മുതല്‍ ആലപ്പുഴ വരെ അദ്ദേഹത്തിന്റെ ഏരിയയാണ്. അപ്പോള്‍ ഇത്രയും സ്ഥലങ്ങളില്‍ ഉദ്ഘാടനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പരിപാടികള്‍ക്കും പോകേണ്ടി വരും.

അദ്ദേഹം വിളിച്ചാല്‍ എല്ലാവരും സ്‌നേഹത്തോടെ പോവുകയും ചെയ്യും. കാരണം അദ്ദേഹം രാഷ്ട്രീയത്തിന് ഉപരിയായി ബന്ധങ്ങള്‍ സൂക്ഷിക്കുന്നയാളാണ്. മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളത്. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ എപ്പോഴും പറയും ഇവര്‍ ചേട്ടനും അനിയനും പോലെയാണല്ലോ എന്ന്. അദ്ദേഹം എല്ലാ പരിപാടികള്‍ക്ക് പോകുമ്പോഴും പറയാറുണ്ട്. പുതിയ കുട്ടികളോട് അവരുടെ ലഹരി കലയായിരിക്കണം എന്ന് പറയാന്‍. അതുപോലെ തന്നെയാണ് കേരള സര്‍വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ പോയതും,’ ടിനി ടോം പറഞ്ഞു

content highlights:  Tinitom on filmmakers relationship with A.M. Arif