മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ.
എന്നാല്‍ മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.
അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളിലും പാലേരി മാണിക്യത്തിലെ ട്രിപ്പിള്‍ റോളിലും ടിനി ടോം മമ്മൂട്ടിയുടെ ബോഡി ഡബിള്‍ ആയി അഭിനയിച്ചിട്ടുണ്ട്.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പാലേരി മാണിക്യത്തിലെ ഷൂട്ടിങ്ങ് സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം.
‘എന്റെ ഗുരുനാഥന്മാരില്‍ ഒരാളായിട്ടാണ് ഞാന്‍ സംവിധായകന്‍ രഞ്ജിത്തിനെ കാണുന്നത്. അദ്ദേഹത്തിനോടൊപ്പം പാലേരിമാണിക്യം എന്ന സിനിമയിലേക്ക് മമ്മൂക്ക എന്നെ വിളിപ്പിക്കുകയായിരുന്നു. അതില്‍ ട്രിപിള്‍ റോളായിരുന്നു. പാട്ട് സീനൊക്കെ ഉണ്ടായിരുന്നു.
അവിടെ ചെന്നപ്പോള്‍ ടി.എ. റസാഖ് എനിക്ക് ഒരു പേരിട്ടു. ബോഡി സെയില്‍സ് മാന്‍ എന്നായിരുന്നു അത്, ശരീരം വിറ്റ് നടക്കുന്നവന്‍. അവിടെ വെച്ച് ഞാന്‍ ഒരു കാര്യം പറഞ്ഞു. എനിക്ക് ശരീരം മാത്രമല്ല മുഖവും കാണിക്കാന്‍ അവസരം തരണമെന്നായിരുന്നു അത്.
അവിടുന്ന് രഞ്ജിത്തേട്ടന്‍ ഒരു ഓഫര്‍ തന്നു. അങ്ങനെ പ്രാഞ്ചിയേട്ടന്‍ സിനിമയിലേക്ക് എത്തി. പിന്നീട് മലയാള സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ കിട്ടി. പ്രാഞ്ചിയേട്ടന്‍ കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ റുപ്പി വരുന്നത്. പൃഥ്വിരാജിന്റെ കൂടെ തന്നെയുള്ള കഥാപാത്രമായിരുന്നു അത്. രാജുവിന്റെ കൂടെയുള്ള നിമിഷങ്ങള്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു.
തുറന്ന മനസുള്ള ആളായിരുന്നു രാജു. ഉള്ള കാര്യങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ട് എനിക്ക് എന്റെ സ്വഭാവം പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകളൊക്കെ കറക്റ്റ് സിങ്കായിരുന്നു. രാജു അതിന്റെ പ്രൊഡ്യൂസര്‍ കൂടെയായിരുന്നു,’ ടിനി ടോം പറഞ്ഞു.