Advertisement
Daily News
'കാസര്‍കോട് പെണ്‍കുട്ടികളെ മതംമാറ്റുന്നവര്‍ക്ക് പണംവാഗ്ദാനം ചെയ്ത് ഐസിസ്' ഏഴുവര്‍ഷം മുമ്പുള്ള ഫോട്ടോഷോപ്പ് ഇമേജുമായി കേരളത്തിനെതിരെ ടൈംസ് നൗ: വ്യാജപ്രചരണം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 24, 07:43 am
Saturday, 24th June 2017, 1:13 pm

ന്യൂദല്‍ഹി: ഏഴുവര്‍ഷം മുമ്പു പ്രചരിച്ച ഫോട്ടോഷോപ്പ് ഇമേജുമായി കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി ടൈംസ് നൗ ചാനല്‍. കാസര്‍കോട് പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് ഇസ്‌ലാം മതത്തിലേക്കു മാറ്റുന്ന മുസ്‌ലിം യുവാക്കള്‍ക്ക് ഏഴുലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിച്ച് ഐസിസ് നോട്ടീസ് പുറത്തിറക്കിയെന്നാണ് ടൈംസ് നൗ ചാനലിന്റെ കഴിഞ്ഞദിവസങ്ങളിലെ പ്രചരണം.

ചിത്രം ഫോട്ടോഷോപ്പാണെന്നും ഏഴുവര്‍ഷം പഴക്കമുള്ള ഫോട്ടോഷോപ്പ് ഇമേജ് കൂട്ടുപിടിച്ചാണ് ടൈംസ് നൗ കേരളത്തിനെതിരെ പ്രൈം ടൈം ചര്‍ച്ച സംഘടിപ്പിച്ചതെന്നും തെളിവുസഹിതം ചൂണ്ടിക്കാട്ടി ആള്‍ട്ട് ന്യൂസാണ് രംഗത്തെത്തി. ഇന്ത്യയിലെ ഗാസയായ കേരളത്തിലെ കാസര്‍കോഡ് എന്നാണ് ചര്‍ച്ചയില്‍ കാസര്‍കോഡിനെ ടൈംസ് നൗ വിശേഷിപ്പിച്ചത്.

കാസര്‍കോട് വിവിധ മതത്തില്‍പ്പെട്ട യുവതികളെ മതംമാറ്റുന്നതിന് മുസ്‌ലിം യുവാക്കള്‍ക്ക് പണം നിശ്ചയിച്ചുകൊണ്ടുള്ള കുറിപ്പ് ഐസിസ് പുറത്തിറക്കിയെന്ന പേരിലാണ് പ്രചരണം. ഹിന്ദു ബ്രാഹ്മണിന്‍ യുവതിയെ മതംമാറ്റുന്നവര്‍ക്ക് അഞ്ചുലക്ഷം, ഹിന്ദു ക്ഷത്രിയ യുവതിയെ മതംമാറ്റുന്നവര്‍ക്ക് 4.5 ലക്ഷം, ഒ.ബി.സി യുവതിക്ക് രണ്ടുലക്ഷം സിക്ക് യുവതിക്ക് ഏഴുലക്ഷം എന്നിങ്ങനെയുള്ള പട്ടികയും നോട്ടീസിലുണ്ട്.

2010 ഫെബ്രുവരി അഞ്ചിന് “സിഖ് ആന്റ് ഇസ്‌ലാം” എന്ന ബ്ലോഗിലും പിന്നീട് 2014- 2016 വര്‍ഷങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ച നോട്ടീസ് കാസര്‍കോട് നിന്നുള്ളതാക്കി മാറ്റുകയായിരുന്നു എന്നതാണ് ഈ നോട്ടീസിന്റെ പശ്ചാത്തലം പരിശോധിച്ചാല്‍ മനസിലാകുക.


Must Read: കള്ളനോട്ട് കേസില്‍ പിടിക്കപ്പെടുന്ന ആദ്യ ബി.ജെ.പിക്കാരന്‍ രാകേഷ് അല്ല: ഈ ബി.ജെ.പി നേതാക്കളും കള്ളനോട്ട് നല്‍കിയതിന് പിടിക്കപ്പെട്ടിട്ടുണ്ട്: പേരുവിവരങ്ങള്‍ വെളിപ്പെടുത്തി മുഹമ്മദ് റിയാസ്


“‘LOVE JIHAD IN VADODARA COMES WITH A PRIZE TAG” എന്ന തലക്കെട്ടിലാണ് 2016ല്‍ ഈ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇത് സീന്യൂസ്, വണ്‍ഇന്ത്യ, ദൈനിക് ഭാസ്‌കര്‍, ഇന്ത്യാ ഡോട്ട്.കോം തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

2014ലും ഇത് വൈറലായിരുന്നു. തുടര്‍ന്ന് എ.ബി.പി ന്യൂസ് ഈ പോസ്റ്ററിനെക്കുറിച്ച് അന്വേഷിക്കുകയും പോസ്റ്ററില്‍ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇത് വ്യാജമാണെന്ന് തെളിഞ്ഞു.

 

2010ല്‍ ഇതേ പോസ്റ്ററിനെക്കുറിച്ച് ശിവസേന മുഖപത്രമായ സാംമ്‌നയുടെ ആറാംപേജിലും വാര്‍ത്ത വന്നിരുന്നു.

ഫോട്ടോഷോപ്പ് ചിത്രമാകുന്നത് ഇങ്ങനെ

 

ഈ ചിത്രം ഫോട്ടോഷോപ്പ് ആണെന്നത് അത് വിശദമായി പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകുമെന്ന് ആള്‍ട്ട് ന്യൂസ് പറയുന്നു. “in the name of allah……most merciful, most benificiary” എന്ന വാക്കോടെയാണ് ഇത് തുടങ്ങുന്നത് എന്നതാണ് ഇത് ഫോട്ടോഷോപ്പ് ആണെന്നതിന് തെളിവായി നിരത്തുന്ന ഒരു കാര്യം. ഈ നോട്ടീസ് ഇസ്‌ലാമിക സംഘടനകള്‍ പുറത്തിറക്കിയതായിരുന്നെങ്കില്‍ the Most Beneficent, the Most Merciful“എന്നേ ഉപയോഗിക്കൂ.

മറ്റൊന്ന് ഈ നോട്ടീസിന്റെ ഏറ്റവും മുകളിലായുള്ള ഹൃദയാകൃതിയിലുള്ള ചിത്രമാണ്. ഈ ചിത്രത്തിനുള്ളിലുള്ള തോക്കിന്റെ ആകൃതിയിലുള്ള ലോഗോ ലെബനനീസ് ഷിയാ ഇസ്‌ലാമിക് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ഫ്‌ളാഗാണ്. ഐസിസിനെ തകര്‍ക്കാന്‍ സിറിയയെ സഹായിക്കുന്നവരാണ് ഹിസ്ബുള്ള. അങ്ങനെയിരിക്കെ ഐസിസ് പുറത്തിറക്കിയതെന്നു പറയുന്ന നോട്ടീസില്‍ എങ്ങനെ ഹിസ്ബുള്ളയുടെ കൊടിയടയാളം വരികയെന്ന് ആള്‍ട്ട് ന്യൂസ് ചോദിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ 2010ല്‍ രൂപപ്പെട്ട് 2014, 2016 കാലങ്ങളില്‍ ദേശീയ തലത്തില്‍ തന്നെ മുസ്‌ലീങ്ങള്‍ക്കെതിരെ വിദ്വേഷം പരത്താന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട, പലപ്പോഴും വ്യാജമെന്ന് തെളിയിക്കപ്പെട്ട, പോസ്റ്ററാണ് ഇപ്പോള്‍ കേരളത്തിനെതിരെ ടൈംസ് നൗ ഉപയോഗിച്ചിരിക്കുന്നത്. അതും ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍.

കേരളത്തിനെതിരെ സംഘപരിവാര്‍ അനുകൂല ചാനലുകള്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രചരണങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇത്.

നേരത്തെ അമിത് ഷായുടെ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെ പാകിസ്ഥാന്‍ എന്ന് ടൈംസ് നൗ ചാനല്‍ വിശേഷിപ്പിച്ചിരുന്നു. അമിത് ഷാപോകുന്നത് “ഇടിമുഴങ്ങുന്ന പാകിസ്താനി”ലേക്കാണെന്നാണ് എന്നായിരുന്നു ടൈംസ് നൗ ചാനലിന്റെ ടാഗ്‌ലൈന്‍. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ചാനല്‍ മാപ്പു പറയുകയും ചെയ്തിരുന്നു.