തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന് സ്മരണാഞ്ജലിയുമായി കേരളം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉടന്‍ അദ്ദേഹത്തിന്റെ മൃതദേഹം പൂങ്കുന്നത്തെ വീട്ടിലെത്തിക്കും.
10 മുതല്‍ 12 വരെ സംഗീത-നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. നാളെ (ശനിയാഴ്ച) അദ്ദേഹത്തിന്റെ ജന്മനാടായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് മൃതദേഹം. കൊണ്ടുപോകും.
ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ പാലിയത്തെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും.
ഇന്നലെ രാത്രി കുഴഞ്ഞുവീണതിന് പിന്നാലെ പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം അര്‍ബുദത്തെ തുടര്‍ന്ന് അമലയില്‍ ചികിത്സയിലായിരുന്നു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ പാടിയ പി. ജയചന്ദ്രന്‍ കേരളത്തിന്റെ ഭാവഗായകനാണ്.
ജി. ദേവരാജന്‍,എം.എസ്. ബാബുരാജ്,വി. ദക്ഷിണാമൂര്‍ത്തി,കെ. രാഘവന്‍,എം.കെ. അര്‍ജുനന്‍,എം.എസ്. വിശ്വനാഥന്‍,ഇളയരാജ,കോടി,ശ്യാം,എ.ആര്‍. റഹ്‌മാന്‍,എം.എം. കീരവാണി,വിദ്യാസാഗര്‍,എം. ജയചന്ദ്രന്‍തുടങ്ങി നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകളും പി. ജയചന്ദ്രന്‍ നേടിയിട്ടുണ്ട്. നാല് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും അദ്ദേഹം നേടി.