െൈടം മാഗസിന്റെ ടൈം 100 റീഡര്‍ പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഷാരൂഖ് ഖാന്‍. ഫുട്‌ബോള്‍ താരം ലയണല്‍ മെസി,ഹോളിവുഡ് നടന്‍ മിഷേല്‍ യോ, ടെന്നീസ് താരം സെറീന വില്യംസ്, മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്രസീല്‍ പ്രസിഡന്റ് ലൂയീസ് ഇനാസിയോ ലുല ഡാ സില്‍വ എന്നിവരെ പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്തേക്ക് ഷാരൂഖ് എത്തുന്നത്. വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത സര്‍വേയില്‍ 4% വോട്ടാണ് കിങ് ഖാന്‍ സ്വന്തമാക്കിയത്. പട്ടികയുടെ രണ്ടാം സ്ഥാനത്ത് തങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഇറാനിയന്‍ സ്ത്രീകളാണുള്ളത്. മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരാണ്. ഹാരി രാജകുമാരനാണ് നാലാം സ്ഥാനം കരസ്ഥമാക്കിയത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയാകട്ടെ 1.8% ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്താണുള്ളത്.
സിനിമയില്‍ നിന്നും ഏതാണ്ട് നാല് വര്‍ഷത്തെ ഇടവേളയെടുത്തിരുന്ന ഷാരൂഖ് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത പത്താന്‍ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ തന്റെ പ്രഭ തിരിച്ചുപിടിച്ചത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം 1000 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
അറ്റ്‌ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ജവാനാണ് ഷാരൂഖിന്റെ ഏറ്റവും പുതിയ സിനിമ. നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നടന്‍ സഞ്ജയ് ദത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ ലിയോയുടെ കാശ്മീരിലെ ലൊക്കേഷനില്‍ നിന്നുമാണ് സഞ്ജയ് ദത്ത് ജവാനില്‍ ജോയിന്‍ ചെയ്തത്. ദീപിക പദുക്കോണും ചിത്രത്തിലുണ്ടെന്ന തരത്തിലുള്ള വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.