നാണംകെട്ട് തലതാഴ്ത്തി മടങ്ങുമ്പോഴും നിങ്ങള്‍ക്ക് അഭിമാനിക്കാം, ഇതുപോലെ ഒരു മുതലിനെ ഞങ്ങള്‍ക്ക് തന്നതിന്
IPL
നാണംകെട്ട് തലതാഴ്ത്തി മടങ്ങുമ്പോഴും നിങ്ങള്‍ക്ക് അഭിമാനിക്കാം, ഇതുപോലെ ഒരു മുതലിനെ ഞങ്ങള്‍ക്ക് തന്നതിന്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th May 2022, 2:40 pm

ഐ.പി.എല്‍ എന്നും ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ വളര്‍ച്ചയിലെ ഏറ്റവും വലിയ താങ്ങും തണലുമാണ്. തങ്ങളുടെ പ്രകടനത്തെ ലോകത്തിന് മുമ്പില്‍ കാണിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വേദിയാണ് ഐ.പി.എല്‍.

ഐ.പി.എല്ലില്‍ നിന്നും വളര്‍ന്ന് ഇന്ത്യന്‍ ടീമിലെ തന്നെ മുന്‍നിര താരങ്ങളായവര്‍ ഒത്തിരിയുണ്ട്. യുവതാരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ കാണിക്കുന്ന പ്രതിബദ്ധത തന്നെയാണ് ഇന്ത്യന്‍ ടീമിനെ എന്നും താരസമ്പന്നമാക്കുന്നത്.

യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും നേര്‍വഴി കാണിക്കുന്നതിലും മുംബൈ ഇന്ത്യന്‍സാണ് എന്നും മുന്നിട്ട് നിന്നിട്ടുള്ളത്. മുംബൈയില്‍ നിന്നും കളിയടവ് പഠിച്ച് മുന്‍നിര താരങ്ങളായവര്‍ നിരവധിയാണ്.

അത്തരത്തില്‍ പലതാരങ്ങളേയും മുംബൈ ഇന്ത്യന്‍സ് ഈ സീസണിലും ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചിട്ടുണ്ട്. മുന്‍നിര താരങ്ങളും ടീമിലെ ക്യാപ്റ്റനടക്കമുള്ള സീനിയര്‍ താരങ്ങളും ഒന്നുപോലെ പതറിയപ്പോഴും കാലിടറി വീണപ്പോഴും ഒരറ്റത്ത് ഉറച്ചു നിന്ന് ടീമിന് തുണയായ തിലക് വര്‍മയാണ് ഐ.പി.എല്ലിലെ ചര്‍ച്ചാ വിഷയം.

ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് താരം ഇതുവരെയുള്ള മത്സരത്തില്‍ നിന്നുമായി അടിച്ചെടുത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന് ഇനിയും മത്സരം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ നേട്ടം എന്നതും ശ്രദ്ധേയമാണ്.

12 മത്സരം കളിച്ച തിലക് ഇതുവരെ അടിച്ചെടുത്തത് 368 റണ്‍സാണ്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കമാണ് താരം റണ്‍സ് അടിച്ചുകൂട്ടിയത്. 40.89 എന്ന ശരാശരയില്‍ സ്ഥിരമായി ബാറ്റ് വീശുന്ന തിലകിന്റെ ഉയര്‍ന്ന സ്‌കോര്‍ 61 ആണ്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന്റെ റെക്കോഡാണ് താരം മറികടന്നത്. 2017ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് പന്ത് 14 മത്സരത്തില്‍ നിന്നും നേടിയ 366 റണ്‍സിന്റെ റെക്കോഡാണ് പഴങ്കഥയായത്.

2019ല്‍ അരങ്ങേറി 16 കളിയില്‍ നിന്നും 353 റണ്‍സ് സ്വന്തമാക്കിയ പൃഥ്വി ഷാ മൂന്നാമതും 2014ലെ അരങ്ങേറ്റത്തില്‍ 13 മത്സരത്തില്‍ നിന്നും 339 റണ്‍സടിച്ച സഞ്ജു സാംസണ്‍ പട്ടികയില്‍ നാലാമതുമാണ്.

താനൊരു 19 വയസുള്ള ചെറിയ പയ്യനാണ്, അണ്‍ക്യാപ്ഡ് താരമാണ്, എതിരെ നില്‍ക്കുന്നതും പന്തെറിയുന്നതും ലോകത്തിലെ തന്നെ മികച്ച താരങ്ങളാണ് എന്ന ഭായാശങ്കയൊന്നുമില്ലാതെയാണ് തിലക് വര്‍മ സീസണില്‍ അടിച്ചു തകര്‍ക്കുന്നത്.

താരത്തിന്റേ പ്രകടനം കണ്ട് മതിമറന്നവരില്‍ ലോകോത്തര താരങ്ങളും ഒരുപാടുണ്ട്. തിലക് വര്‍മ അടുത്ത് തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാവുമെന്നായിരുന്നു ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.

തിലകിന്റെ പ്രകടനം കണ്ട് താന്‍ ഏറെ സന്തോഷവാനാണെന്നും താമസമേതുമില്ലാതെ തിലക് വര്‍മ ഇന്ത്യന്‍ ജേഴ്‌സിയില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്നായിരുന്നു രോഹിത് ശര്‍മ പറഞ്ഞത്.

ഐ.പി.എല്‍ ഉള്ളിടത്തോളം, യുവതാരങ്ങളെ വളര്‍ത്തിയടുക്കാന്‍ ടീമുകള്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ തിലകിനെ പോലുള്ള താരങ്ങള്‍ ഇനിയും ഉയര്‍ന്നുവരുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരസമ്പന്നമാവുമെന്നും ഉറപ്പാണ്.

 

Content Highlight: Tilak Verma – The new dawn of the Mumbai Indians