ആ ചിത്രത്തിലെ എന്റെ അഭിനയത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ചമ്മലാണ്: അജു വർഗീസ്
Entertainment
ആ ചിത്രത്തിലെ എന്റെ അഭിനയത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ചമ്മലാണ്: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th January 2025, 8:00 am

മലയാളത്തിലെ തിരക്കുള്ള നടനാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ അജു വർഗീസ് പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു. ഹാസ്യ വേഷങ്ങളിൽ നിന്ന് മാറി സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അജു തെളിയിച്ചിട്ടുണ്ട്. തിയേറ്ററിൽ പ്രദർശനം തുടരുന്ന ഐഡന്റിറ്റിയാണ് അജു വർഗീസ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.

ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ലബ്ബിനെ കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്. മലർവാടിയിൽ താൻ അവതരിപ്പിച്ച പി.കെ. ബജീഷ് എന്ന കഥാപാത്രത്തെ ഇപ്പോൾ കാണുമ്പോൾ ചിരിയും ചമ്മലും ഒരുപോലെ വരുമെന്ന് പറയുകയാണ് അജു വർഗീസ്. എന്നാൽ അന്നും ഇന്നും എന്നും തന്റെ ഫേവറിറ്റ് സിനിമയും കഥാപാത്രവും മലർവാടിയും ബജീഷുമാണെന്നും അജു പറഞ്ഞു. ആദ്യ സിനിമയോടുള്ള വൈകാരികത മറ്റൊരു സിനിമയോട് ലഭിക്കില്ലെന്നും അജു കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിനീത് ശ്രീനിവാസനും മലർവാടി ആർട്സ് ക്ലബ്ബും എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഇടങ്ങളാണ്.

മലർവാടിയിൽ ഞാൻ അവതരിപ്പിച്ച പി.കെ. ബജീഷ് എന്ന കഥാപാത്രത്തെ ഇപ്പോൾ കാണുമ്പോൾ ചിരിയും ചമ്മലും ഒരുപോലെ വരും എന്തൊക്കെയാണ് ഞാൻ അഭിനയിച്ച് കൂട്ടിയതെന്നോർത്തുള്ള ചമ്മൽ ഇപ്പോഴുമുണ്ട്.

എന്നാൽ അന്നും ഇന്നും എന്നും എന്റെ ഫേവറിറ്റ് സിനിമയും കഥാപാത്രവും മലർവാടിയും ബജീഷുമാണ്. ആദ്യത്തെ ഒന്നിൻ്റെ വൈകാരികതയും ഫീലും തൃപ്തിയുമൊന്നും മറ്റൊന്നിൽ നിന്ന് ലഭിക്കില്ലല്ലോ.

വിനീത് എന്ന സുഹൃത്തിനെയാണ് മലർവാടിയുടെ സെറ്റിൽ ഞാൻ കണ്ടത്. അവൻ സംവിധായകനാണെന്ന ബോധമൊന്നുമില്ലാതെയാണ് ഞാൻ എന്തൊക്കെയോ അവനോട് ചോദിച്ചതും അഭിനയിച്ചതുമെല്ലാം.

വിനീതിനൊപ്പം ചെയ്ത‌ തട്ടത്തിൻ മറയത്ത് ഉൾപ്പെടെയുള്ള ചിത്രങ്ങളിലെല്ലാം ഞങ്ങളുടെ നിറഞ്ഞ സൗഹൃദത്തിൻ്റെ കെമിസ്ട്രി നന്നായി ഗുണം ചെയ്‌തിട്ടുണ്ട്. എന്നെപ്പോലെ ഒരാളെ അഭിനയിപ്പിക്കുകയെന്നത് അവനെ സംബന്ധിച്ചിടത്തോളം വലിയ റിസ്കായിരുന്നെങ്കിലും എനിക്ക് അത് വലിയ ഭാഗ്യമായിരുന്നു,’അജു വർഗീസ് പറയുന്നു.

 

Content Highlight: Aju Vargese About Malarvadi Arts Club Movie