ഇന്ത്യന്‍ താത്തയുടെ ഗെറ്റപ്പ്; എങ്ങനെ ഈ മേക്കപ്പിട്ട് അഭിനയിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ കമല്‍ സാറിന്റെ മറുപടി...: രാകുല്‍ പ്രീത്
Entertainment
ഇന്ത്യന്‍ താത്തയുടെ ഗെറ്റപ്പ്; എങ്ങനെ ഈ മേക്കപ്പിട്ട് അഭിനയിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ കമല്‍ സാറിന്റെ മറുപടി...: രാകുല്‍ പ്രീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 10:44 pm

ഇന്ത്യന്‍ സിനിമയിലെ ക്രാഫ്റ്റ്സ്മാന്‍ എന്നറിയപ്പെടുന്ന സംവിധായകന്‍ ഷങ്കറും കമല്‍ ഹാസനും 28 വര്‍ഷത്തിന് ശേഷം ഒന്നിച്ച ചിത്രമായിരുന്നു ഇന്ത്യന്‍ 2. ഇതേ കൂട്ടുകെട്ടില്‍ പിറന്ന ഇന്ത്യന്റെ തുടര്‍ച്ചയായിരുന്നു ഈ ചിത്രം.

250 കോടി ബജറ്റില്‍ ഒരുങ്ങിയ ഇന്ത്യന്‍ 2 ആദ്യ ഭാഗത്തേക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമായിരുന്നു ഒരുങ്ങിയത്. ചിത്രത്തില്‍ നടി രാകുല്‍ പ്രീത് സിങ്ങും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമയിലെ കമല്‍ ഹാസന്റെ ഇന്ത്യന്‍ താത്തയുടെ ഗെറ്റപ്പിനെ കുറിച്ച് പറയുകയാണ് നടി.

താന്‍ ആദ്യമായി കമല്‍ ഹാസനെ കാണുന്നത് ഇന്ത്യന്‍ താത്തയുടെ ഗെറ്റപ്പിലായിരുന്നെന്നാണ് രാകുല്‍ പ്രീത് പറയുന്നത്. ഷൂട്ടിങ് നടന്നത് നല്ല പൊരിവെയില്‍ സമയത്തായിരുന്നെന്നും അപ്പോള്‍ നോര്‍മല്‍ മേക്കപ്പില്‍ നില്‍ക്കുമ്പോള്‍ തന്നെ തങ്ങള്‍ വിയര്‍ത്ത് ഒഴുകുമായിരുന്നെന്നും നടി പറയുന്നു.

എന്നാല്‍ കമല്‍ ഹാസന്‍ പ്രോസ്‌തെറ്റിക് മേക്കപ്പുമായിട്ടാണ് അഭിനയിച്ചതെന്നും എങ്ങനെയാണ് ഇങ്ങനെ മേക്കപ്പിട്ട് അഭിനയിക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടിയെന്നും രാകുല്‍ പ്രീത് സിങ് പറഞ്ഞു. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘കമല്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് തന്നെ ഇന്ത്യന്‍ താത്തയുടെ ആ ഗെറ്റപ്പിലായിരുന്നു. നല്ല പൊരിവെയില്‍ സമയത്താണ് ചെന്നൈയില്‍ ഷൂട്ടിങ് നടന്നത്. നോര്‍മല്‍ മേക്കപ്പില്‍ നില്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് വിയര്‍ത്ത് ഒഴുകുമായിരുന്നു. എന്നാല്‍ പ്രോസ്‌തെറ്റിക് മേക്കപ്പുമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്.

എങ്ങനെയാണ് ഇങ്ങനെ മേക്കപ്പിട്ട് അഭിനയിക്കാന്‍ കഴിയുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ ചോദിച്ചു. ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി. കലയോടുള്ള അദ്ദേഹത്തിന്റെ അതീവ സ്‌നേഹം നമുക്കെല്ലാം അറിയാം. കലയെ പ്രണയിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും പ്രശ്‌നമേയല്ല,’ രാകുല്‍ പ്രീത് സിങ് പറഞ്ഞു.

Content Highlight: Rakul Preet Singh Talks About Kamal Haasan’s Indian Thatha Look In Indian2