പോപ്പുലര്‍ ഫ്രണ്ടിനായി വിദേശത്ത് നിന്ന് ഫണ്ട് ശേഖരണം; ബീഹാര്‍ സ്വദേശി അറസ്റ്റില്‍
national news
പോപ്പുലര്‍ ഫ്രണ്ടിനായി വിദേശത്ത് നിന്ന് ഫണ്ട് ശേഖരണം; ബീഹാര്‍ സ്വദേശി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2025, 8:04 am

ന്യൂദല്‍ഹി: വിദേശത്ത് നിന്ന് ഫണ്ട് ശേഖരണം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടേതാണ് നടപടി. മുഹമ്മദ് സജാദ് അലമാണ് അറസ്റ്റിലായത്. ബീഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയാണ് ഇയാള്‍.

നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടിയാണ് ഇയാള്‍ വിദേശത്ത് നിന്ന് ഫണ്ട് ശേഖരണം നടത്തിയത്. ദുബായില്‍ നിന്നാണ് സജാദ് ഫണ്ട് കണ്ടെത്തിയത്.

ഇതിനുപിന്നാലെ ശനിയാഴ്ച (4/01/2025) സജാദ് അറസ്റ്റിലാകുകയായിരുന്നു. കര്‍ണാടക, കേരള സിന്‍ഡിക്കേറ്റ്, യു.എ.ഇ മുഖേന ദുബായില്‍ നിന്ന് ബീഹാറിലേക്ക് ഫണ്ട് ശേഖരണം നടത്തിയെന്നാണ് കുറ്റം.

ദുബായില്‍ നിന്ന് ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ സജാദിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരോധിത സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫണ്ട് ശേഖരണം നടത്തിയതെന്ന് എന്‍.ഐ.എ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ പ്രതി ഗൂഡലോചന നടത്തിയെന്നും എന്‍.ഐ.എ പറയുന്നു.

നേരത്തെ ഇയാളുടെ പേരില്‍ എന്‍.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ എന്‍.ഐ.എ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

2022 ജൂലൈയിലാണ് ബീഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് ഫണ്ട് ശേഖരണത്തില്‍ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

തുടര്‍ന്ന് 17 പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത കേസില്‍ അറസ്റ്റിലാകുന്ന 18-ാം പ്രതിയാണ് സജാദ് അലം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി യു.എ.പി.എ ആക്ട് പ്രകാരം 2022 സെപ്റ്റംബര്‍ 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

Content Highlight: fundraising from abroad for PopularFront; Bihar man was arrested