'സ്ത്രീവിരുദ്ധതയും, ആണധികാരവും'; വനിതാ കമ്മീഷന്റെ വിമര്‍ശനത്തിന് പിന്നാലെ ആസിഡ് ആക്രമണ വീഡിയോ നീക്കം ചെയ്തും ഖേദം പ്രകടിപ്പിച്ചും ടിക് ടോക്
Social Media
'സ്ത്രീവിരുദ്ധതയും, ആണധികാരവും'; വനിതാ കമ്മീഷന്റെ വിമര്‍ശനത്തിന് പിന്നാലെ ആസിഡ് ആക്രമണ വീഡിയോ നീക്കം ചെയ്തും ഖേദം പ്രകടിപ്പിച്ചും ടിക് ടോക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2020, 4:01 pm

ന്യൂദല്‍ഹി:ആസിഡ് ആക്രമണങ്ങളെ ന്യായീകരിക്കുന്ന തരത്തിലുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ടിക് ടോക് രംഗത്ത്.

ടിക് ടോക്കിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തികള്‍ ചെയ്യരുതെന്നും നിയമാനുസൃതമായി മാത്രം കാര്യങ്ങള്‍ ചെയ്യണമെന്നും ടിക് ടോക്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

” സുരക്ഷിതവും മാതൃകാനുസാരവുമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് ടിക് ടോക്ക് മുന്‍ഗണന നല്‍കുന്നത്. എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന് ഞങ്ങളുടെ വ്യവസ്ഥകളിലും സേവനങ്ങളിലും മാര്‍ഗനിര്‍ദ്ദേശങ്ങളിലും പറഞ്ഞിട്ടുണ്ട്. ടിക് ടോക്കിന്റെ ഉപയോക്താക്കള്‍ എല്ലായ്‌പ്പോഴും ടിക് ടോക്കിന്റെ നയങ്ങള്‍ അനുസരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” ടിക് ടോക് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ഞങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കമുള്ള വീഡിയോകള്‍ പ്രചരിച്ചിരുന്നു. അത്തരത്തില്‍ ഉള്ള ഉള്ളടക്കമുള്ള വീഡിയോകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അക്കൗണ്ട് സസ്‌പെന്റ് ചെയ്യുകയും വീഡിയോ പിന്‍വലിക്കുക്കയും ഉള്‍പ്പെടെയുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും ടിക് ടോക് പറഞ്ഞു.

സ്ത്രീക്കെതിരെ ഒരു പുരുഷന്‍ നടത്തുന്ന ആക്രമണം ഉള്ളടക്കമായ വീഡിയോ പിന്‍വലിക്കാന്‍ ടിക് ടോക്കിനോട് ദേശിയ വനിതാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. വീഡിയോ ഉണ്ടാക്കിയ ആള്‍ക്കെതിരെ നടപടി എടുക്കാന്‍ മഹാരാഷ്ട്ര പൊലീസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

” സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ കമ്മീഷന് ഗുരുതരമായിത്തന്നെ ആശങ്കയുണ്ട്. ഈ വീഡിയോ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ,ആണധികാരമനോഭാവം കൂടിയാണ് പ്രകടമാക്കുന്നത്. തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് ” വനിതാ കമ്മീഷന്‍ പറഞ്ഞു.

കമ്മീഷന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ടിക് ടോക് എത്തിയത്.
വലിയ രീതിയില്‍ സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങള്‍ ടിക് ടോക്കിലൂടെ പ്രചരിക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ആസിഡ് ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ ടിക് ടോക്കിലൂടെ വന്നത്.