സുരേഷ് ഗോപിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടലംഘനം തന്നെ; കളക്ടറുടെ നടപടി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
D' Election 2019
സുരേഷ് ഗോപിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടലംഘനം തന്നെ; കളക്ടറുടെ നടപടി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 11:22 am

തിരുവനന്തപുരം: തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ ജില്ലാ കളക്ടര്‍ ടി.വി അനുപമ നോട്ടീസയച്ചത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുള്ളതിനാലാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിഷയത്തില്‍ കളക്ടര്‍ക്ക് നടപടിയെടുക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നാണ് കളക്ടറുടടെ റിപ്പോര്‍ട്ടിലുള്ളത്. ഇത് പെരുമാറ്റച്ചട്ടലംഘനമാണ്. റിട്ടേണിംഗ് ഓഫീസറായ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്; സുരേഷ് ഗോപിക്കെതിരായ നടപടിയില്‍ ടി.വി അനുപമ

പെരുമാറ്റച്ചട്ടലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബി.ജെ.പി അയ്യപ്പന്റെ പേര് ഉപയോഗിക്കുന്നു എന്നാണ് കളക്ടറുടെ വിശദീകരണം.

തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന.

ALSO READ: “ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്”; പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു അത്.

WATCH THIS VIDEO: