ഒക്ടോബര്‍ 25ന് 95 കിലോ ‘മെത്താംഫെറ്റാമൈന്‍’ എന്ന സിന്തറ്റിക് മയക്കുമരുന്ന് ഖര രൂപത്തിലും ദ്രാവക രൂപത്തിലും എന്‍.സി.ബി പിടികൂടിയിരുന്നു. ഉത്തര്‍പ്രദേശിലെ കസാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഫാക്ടറിയിൽ പ്രവർത്തിച്ചിരുന്ന ലാബിന്റെ പരിസരത്ത് നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്.
ഇതിനുപുറമെ അസെറ്റോണ്‍, സോഡിയം ഹൈഡ്രോക്‌സൈഡ്, മെത്തിലീന്‍ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എത്തനോള്‍, ടോലുയിന്‍, റെഡ് ഫോസ്ഫറസ്, എഥൈല്‍ അസറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും എന്‍.സി.ബി പിടിച്ചെടുത്തിരുന്നു.
സിന്തറ്റിക് മരുന്നുകളുടെ നിര്‍മാണത്തിനായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളും സ്ഥലത്തുനിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തിയ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതിന് പിന്നില്‍ അറസ്റ്റിലായ തിഹാര്‍ ജയില്‍ വാര്‍ഡനും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുമാണെന്നാണ് എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ് പറയുന്നത്.
നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വ്യവസായിലൂടെയാണ് ജയില്‍ വാര്‍ഡന്‍ കേസില്‍ ഉള്‍പ്പെടുന്നത്. മയക്കുമരുന്നിന്റെ ഗുണനിലവാരം പരിശോധിച്ചതിലൂടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു രസതന്ത്രജ്ഞനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജ്ഞാനേശ്വര്‍ സിങ് അറിയിച്ചു.
കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മയക്കുമരുന്ന് വില്‍പനയിലൂടെ സമ്പാദിച്ച പണം എവിടെയാണ് എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ജ്ഞാനേശ്വര്‍ സിങ് പറഞ്ഞു.
ഒക്ടോബറിന്റെ തുടക്കത്തില്‍ ഭോപ്പാലിലും സമാനമായ രഹസ്യലാബ് കണ്ടെത്തിയിരുന്നു. ബഗ്രോഡ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് ലാബ് കണ്ടെത്തിയത്.
എന്‍.സി.ബി ഗുജറാത്ത് എ.ടി.എസുമായി നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 907 കിലോഗ്രാം മെഫെഡ്രോണ്‍ ഖര ദ്രാവക രൂപത്തിലും 7,000 കിലോഗ്രാം വരുന്ന വിവിധ രാസവസ്തുക്കളും യന്ത്രങ്ങളുമാണ് കണ്ടെടുത്തത്.
ഇതിനുപിന്നാലെയാണ് യു.പി-ദല്‍ഹി അതിര്‍ത്തി പ്രദേശത്ത് നിന്ന് ലാബ് കണ്ടെത്തിയത്. സിന്തറ്റിക്ക് മരുന്നുകളുടെ ഉത്പാദന ചെലവ് താരതമ്യേന കുറവായതിനാല്‍ ഇത്തരത്തിലുള്ള ലാബുകള്‍ രഹസ്യമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Content Highlight: Tihar jail warden arrested after labs manufacturing synthetic drugs found in Delhi