ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ ചാപ്പ കുത്തിയതായി ആരോപണം. ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ദല്‍ഹി സ്വദേശി നബീറിന് നേരെയാണ് തിഹാര്‍ ജയില്‍ ജീവനക്കാരുടെ പീഡനം.
കോടതിയില്‍ ഷര്‍ട്ട് അഴിച്ച് ‘ഓം’ എന്ന് ചാപ്പകുത്തിയത് കാട്ടിയ നബീര്‍ ജയില്‍ അധികൃതര്‍ മാരകമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും ആരോപിച്ചു. വെള്ളിയാഴ്ച കാര്‍കര്‍ദൂമ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് നബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. താന്‍ മുസ്ലിം ആണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് തന്റെ ശരീരത്തില്‍ സൂപ്രണ്ട് ‘ഓം’ എന്ന് പച്ച കുത്തിതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.
നബീറിന്റേത് ഗുരുതര ആരോപണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആരോപണം അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കാനും നബീറിനെ ജയില്‍ നിന്ന് മാറ്റാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും നബീറിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയെന്നും തിഹാര്‍ ജയില്‍ ഡി.ജി അറിയിച്ചു.