മുംബൈ: ശിവസേനയുടെ വാശിക്കുമുന്നില്‍ ബി.ജെ.പി അടിയറവ് പറഞ്ഞതായി സൂചന. മഹാരാഷ്ട്രാ മുഖ്യമന്ത്രിപദം പങ്കുവെയ്ക്കണമെന്ന സേനയുടെ ആവശ്യം അംഗീകരിക്കുമെന്നും അതെഴുതി നല്‍കുമെന്നും ബി.ജെ.പി നേതാവ് സുധീര്‍ മുംഗന്തിവാര്‍ പറഞ്ഞു. ദീപാവലിക്കു ശേഷം ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായോ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസോ എഴുതി നല്‍കണമെന്നു സേന ആവശ്യപ്പെട്ടിരുന്നു. എങ്കില്‍ മാത്രമേ സര്‍ക്കാരുണ്ടാക്കാന്‍ കൂടെനില്‍ക്കൂവെന്നും സേനാ നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.
താക്കറെയ്ക്ക് നല്ലൊരു പരിഹാരം ലഭിക്കുമെന്നു തങ്ങള്‍ ഉറപ്പുനല്‍കുന്നതായും സുധീര്‍ പറഞ്ഞു.
‘ദീപാവലിക്കു ശേഷം ഫഡ്‌നാവിസ്, ചന്ദ്രകാന്ത് പാട്ടീല്‍, അമിത് ഷാ, ഉദ്ധവ് താക്കറെ എന്നിവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരുപാര്‍ട്ടിയില്‍ നിന്നു മാത്രമാവില്ല മുഖ്യമന്ത്രി, വിശാല സഖ്യത്തില്‍ നിന്നാകും.’- അദ്ദേഹം പറഞ്ഞു.
ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കോണ്‍ഗ്രസിനും സുധീര്‍ മറുപടി നല്‍കി. പുലി പുല്ല് തിന്നില്ലെന്നും അതുകൊണ്ടുതന്നെ വിശാല സഖ്യത്തില്‍ നിന്നു തന്നെയാകും സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സര്‍ക്കാരില്‍ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്നും സംസ്ഥാനത്ത് രണ്ടര വര്‍ഷത്തെ ഭരണം ശിവസേനയ്ക്ക് തരണമെന്നും രണ്ടരവര്‍ഷം ബി.ജെ.പി ഭരിക്കട്ടെയെന്നുമാണ് ഉദ്ധവ് താക്കറെ അധ്യക്ഷനായ യോഗത്തില്‍ സേനാ എം.എല്‍.എല്‍മാര്‍ ആവശ്യപ്പെട്ടത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സംഖ്യം അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ശിവസേന രംഗത്തെത്തിയത്. 288 അംഗ സംസ്ഥാന നിയമസഭയില്‍ 161 സീറ്റുകളാണ് സഖ്യം നേടിയത്.
ബി.ജെ.പിയ്ക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 44 സീറ്റുകളും എന്‍.സി.പി 54 സീറ്റുകളും നേടി.
ലോക്സഭാ വോട്ടെടുപ്പിന് മുമ്പ് അമിത് ഷാ 50-50 ഫോര്‍മുല വാഗ്ദാനം ചെയ്തു. അതുപോലെ, രണ്ട് സഖ്യകക്ഷികള്‍ക്കും രണ്ടര വര്‍ഷം വീതം സര്‍ക്കാര്‍ നടത്താനുള്ള അവസരം ലഭിക്കണം. അങ്ങനെ വരുമ്പോള്‍ ശിവസേനയ്ക്കും മുഖ്യമന്ത്രി പദം ലഭിക്കും.
ഉദ്ധവ് ജിക്ക് ബി.ജെ.പിയില്‍ നിന്ന് രേഖാമൂലം ഈ ഉറപ്പ് ലഭിക്കണം. ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഉദ്ധവ്ജി അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. -താനെ എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞു.
ദേവേന്ദ്ര ഫഡ്‌നാവിസിനുപകരം ശിവസേനയ്ക്ക് മുഖ്യമന്ത്രിയെ ലഭിക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ സഹായം തേടുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് ശിവസേനയിലേക്ക് മാറിയ എം.എല്‍.എ അബ്ദുള്‍ സത്താറും സര്‍നായിക്കിന്റെ അഭിപ്രായത്തെ അനുകൂലിച്ചു.