ബംഗളൂരു: ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാറാണെന്ന് ദലൈലാമ. തങ്ങളുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ ചൈനയുടെ ഭാഗമാകുന്നതില്‍ വിരോധമില്ലെന്നാണ് ടിബറ്റന്‍ ആത്മീയ നേതാവായ ലാമയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ലാമ ടിബറ്റിന്റെ നിലപാട് വ്യക്തമാക്കിയത്.
“താങ്ക്യൂ കര്‍ണാടക” എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന ലാമ, ടിബറ്റിന്റെ മേലുള്ള അധികാരത്തര്‍ക്കം ഒരു കാലത്തും ഇല്ലാതാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. “ടിബറ്റിന്റെ പ്രശ്‌നങ്ങള്‍ ഒരിക്കലും ഇല്ലാതാകില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള സമ്പൂര്‍ണ അധികാരം ഉറപ്പു തരാമെങ്കില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയ്‌ക്കൊപ്പം നിലകൊള്ളുന്നതില്‍ ഞങ്ങള്‍ക്കു വിരോധമില്ല” ദലൈ ലാമ പറയുന്നു.
രാജ്യം വിടേണ്ടി വന്ന ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പു വരുത്തിയ ഇന്ത്യയ്ക്കും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ലാമ നന്ദിയറിയിച്ചു. ടിബറ്റില്‍ നിന്നുള്ളവര്‍ക്ക് അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ നല്‍കുന്ന കര്‍ണാടക സംസ്ഥാനത്തോടുള്ള നന്ദിയും അദ്ദേഹം വേദിയില്‍ വച്ച് അറിയിച്ചിരുന്നു.
കേന്ദ്ര ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിലുള്ള ചടങ്ങായിരുന്നു കര്‍ണാടകയില്‍ നടന്നത്. ടിബറ്റിനുമേല്‍ ചൈന അധികാരം സ്ഥാപിച്ചതോടെ 1950ല്‍ രാജ്യം വിടേണ്ടി വന്ന ടിബറ്റുകാരെക്കുറിച്ചും ലാമ ചടങ്ങില്‍ സംസാരിക്കവേ ഓര്‍മിച്ചു. ലാമയ്ക്കും അന്ന് രാജ്യം വിടേണ്ടി വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് നെഹ്‌റുവിനു പകരം ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യാ-പാക് വിഭജനം നടക്കില്ലായിരുന്നുവെന്ന പ്രസ്താവന നടത്തി ലാമ വാര്‍ത്തയിലിടം നേടിയത്. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് ലാമ ഖേദപ്രകടനവും നടത്തിയിരുന്നു.