തുഷാർ മത്സരിക്കുന്നതിൽ എതിർപ്പില്ല: നിലപാടിൽ മാറ്റം വരുത്തി വെള്ളാപ്പള്ളി നടേശൻ
Kerala News
തുഷാർ മത്സരിക്കുന്നതിൽ എതിർപ്പില്ല: നിലപാടിൽ മാറ്റം വരുത്തി വെള്ളാപ്പള്ളി നടേശൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 12:08 pm

ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എൻ.ഡി.എ. മുന്നണിയിൽ നിൽക്കുമ്പോൾ ബി.ഡി.ജെ.എസ്. അധ്യക്ഷൻ എന്ന സ്ഥാനം വെച്ച് മത്സരിക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ മല്‍സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പി. യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Also Read എറണാകുളത്ത് കെ.വി തോമസിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; നീക്കങ്ങള്‍ ടോം വടക്കന്റെ നേതൃത്വത്തില്‍

വെള്ളിയാഴ്ച രാത്രി ബി.ജെ.പി. കേന്ദ്ര നേതാക്കൾ ഗുരുമൂര്‍ത്തി, മുരളീധര റാവു എന്നിവർ വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വെള്ളാപ്പള്ളി തന്റെ നിലപാടിൽ മാറ്റം വരുത്തുന്നത്. എന്നാൽ വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് കിട്ടിയിട്ടും ലോക്സഭാ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ തുഷാർ വെള്ളാപ്പള്ളി തീരുമാനം അറിയിച്ചിട്ടില്ല.

തുഷാര്‍ മല്‍സരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തുഷാറിനുവേണ്ടി പ്രചാരണത്തിനിറങ്ങാനോ തുഷാറിന് അനുകൂലമായി പരസ്യ പ്രസ്താവനകൾ നടത്താനോ താൻ ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി നടേശൻ ബി.ജെ.പി. നേതാക്കളെ അറിയിച്ചിട്ടുണ്ട്. തുഷാർ മത്സരിക്കണമെന്ന് ബി.ജെ.പി. നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും അത് അവർ പലതവണ അറിയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി.

Also Read “എന്തിനാണ് ഈ നാടകം”; കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കം പരാജയപ്പെട്ടു

അതേസമയം ലോക്സഭ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് ചർച്ച നടത്തും. ഇന്ന് രാവിലെ 11 മണിയോടെ ദൽഹിയിൽ വെച്ചാകും ഇവരുടെ കൂടിക്കാഴ്ച നടക്കുക. തുഷാർ വെള്ളാപ്പള്ളി മൽസരിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനത്തിൽ എത്താനാണ് ചർച്ച. കൂടിക്കാഴ്ചയിൽ ബി.ഡി.ജെ.എസിന് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണത്തിലും തീരുമാനമായേക്കും