പൂച്ചെട്ടി സെന്ററിലെ ചായക്കടയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ കടയുടമ ചേരിങ്ങോട്ടില്‍ സുനില്‍കുമാര്‍ (58), മകന്‍ ജിഷ്ണു (26), അടിയത്ത് സനൂപ് (31) എന്നിവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടി ഓട്ടോയില്‍ എത്തിയ നാലംഗ സംഘം ഇരുമ്പുവടികൊണ്ട് കടയില്‍ കയറി എല്ലാവരെയും ആക്രമിക്കുകയായിരുന്നെന്ന് ഒല്ലൂര്‍ പൊലീസ് പറഞ്ഞു.
ഈ സംഭവത്തെത്തുടര്‍ന്ന് ആ രാത്രി തന്നെ 11 സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തറ ഐക്യനഗറിലെ ബി.ജെ.പി പ്രവര്‍ത്തകരായ അഖില്‍, സുബിന്‍ എന്നിവരെ വീട്ടിലെത്തി ഇരുമ്പുവടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ മുളങ്കുന്നത്തുകാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ച രാത്രി പൂച്ചട്ടിയിലെ ഓട്ടോ സെന്ററില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരായ ശരത്, ഹരി എന്നിവര്‍ മദ്യപിച്ച് കടയുടെ മുന്നില്‍ മൂത്രമൊഴിച്ചതാണ് സംഭവത്തിന്റെ തുടക്കം. ഇത് സമീപവാസികളായ ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിയുമായെത്തി. ശനിയാഴ്ച്ച രാവിലെ ഇരുകൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പ്രശ്നം രമ്യതയിലാക്കുകയും ചെയ്തു.
എന്നാല്‍, ശനിയാഴ്ച്ച രാത്രി പൂച്ചട്ടി സെന്ററിലെത്തിയ ശരത്തും ഹരിയും മറ്റ് മൂന്നുപേരും സെന്ററിലെ ചായക്കടയിലേക്ക് പന്നിപ്പടക്കം എറിഞ്ഞു. ഉടമസ്ഥനായ സുനി, മകന്‍ വിഷ്ണു, വിഷ്ണുവിന്റെ സുഹൃത്തായ സനൂപ് എന്നിവരെ കമ്പികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തിനെത്തുടര്‍ന്നാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരായ അഖില്‍, സുബിന്‍ എന്നിവരെ വീട്ടിലെത്തി മര്‍ദ്ദിച്ചത്. രാത്രി 11 മണിയോടെ നടത്തറ ഐക്യ നഗറിലെ വീട്ടിലെത്തിയ സി.പി.ഐ.എമ്മുകാര്‍ ഇരുവരേയും ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. ഇരുവിഭാഗത്തിലേയും പ്രതികള്‍ ഒളിവിലാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.