Kerala News
മേയര്‍ സ്ഥാനം മാത്രമല്ല ഡി.സി.സി പ്രസിഡന്റുമാക്കാം; വര്‍ഗീസിനെ തിരിച്ചുപിടിക്കാന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 19, 04:23 am
Saturday, 19th December 2020, 9:53 am

തൃശൂര്‍; ആവേശപ്പോരാട്ടം നടന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്നതില്‍ വീണ്ടും ആശങ്ക. യു.ഡി.എഫ് വിമതന്‍ എം.കെ വര്‍ഗ്ഗീസിനെ സ്വാധീനിക്കാനുള്ള ശ്രമം യു.ഡി.എഫും ശക്തമാക്കിയതിന് പിന്നാലെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്നത് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നത്.

നേരത്തെ എം.കെ വര്‍ഗീസ് തന്റെ പിന്തുണ എല്‍.ഡി.എഫിന് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് കേവലം ഒരു സീറ്റിന്റെ പേരില്‍ തന്നെ ചതിക്കുകയായിരുന്നെന്നും വര്‍ഗീസ് പറഞ്ഞിരുന്നു.

സഹകരണം ഇടതിനായിരിക്കുമെന്ന വര്‍ഗീസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്ന് ഏകദേശം ഉറപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ എം.കെ വര്‍ഗീസിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനുള്ള ശ്രമം യു.ഡി.എഫും സജീവമാക്കുകയാണ്.

അഞ്ചു വര്‍ഷത്തേക്ക് മേയര്‍ സ്ഥാനം, കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വം, ആവശ്യമെങ്കില്‍ ഡി.സി.സി പ്രസിഡന്റുവരെയാക്കാന്‍ തയ്യാറാണെന്നാണ് യു.ഡി.എഫ് ഇപ്പോള്‍ എടുക്കുന്ന നിലപാട്.

ഈ മോഹന വാഗ്ദാനങ്ങള്‍ക്ക് മുന്‍പില്‍ വര്‍ഗീസ് വഴങ്ങുമോ എന്നത് വലിയ ചോദ്യമാണ്. എല്‍.ഡി.എഫിനോട് സഹകരിക്കുമെന്ന എം.കെ വര്‍ഗീസിന്റെ പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. സംസ്ഥാന നേതാക്കളുടെ നിര്‍ദേശ പ്രകാരം ടി.എന്‍.പ്രതാപന്‍ എം.പി അദ്ദേഹത്തെ പോയി കാണുകയും ചെയ്തിരുന്നു.

എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തന്നെയാണ് വര്‍ഗീസിന് താത്പര്യമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അതേസമയം അഞ്ച് വര്‍ഷം മേയര്‍ സ്ഥാനമാണ് വര്‍ഗീസ് എല്‍.ഡി.എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യത്തെ ടേം തനിക്ക് നല്‍കണമെന്ന ആവശ്യവും എം.കെ വര്‍ഗീസ് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് ഇതുവരെ എല്‍.ഡി.എഫ് പ്രതികരിച്ചിട്ടില്ല. എല്‍.ഡി.എഫ് എം.കെ വര്‍ഗീസിന്റെ ആവശ്യങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്നത് അനുസരിച്ചിരിക്കും എം.കെ വര്‍ഗീസിന്റെ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

55 ഡിവിഷനുകളുള്ള തൃശ്ശൂരില്‍ 54 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിന് 24 ഉം യു.ഡി.എഫിന് 23 ഉം ബി.ജെ.പി ആറു ഡിവിഷനുകളുമാണ് തൃശൂരില്‍ ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thrissur Corportation: UDF to influence Mk Varghese