തൃശൂര്‍: തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗര്‍ഭിണികളെ കനത്ത മഴയെതുടര്‍ന്നുള്ള വെള്ളക്കെട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. കനത്ത മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
‘ഒരു യുവതി കാട്ടില്‍വെച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.
അമ്മയ്ക്ക് ഉയര്‍ന്ന ബി.പി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഡി.എം.ഒയും ഡി.എസ്.ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അഞ്ച് മാസവും ആറ് മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പൊലീസിനും വനം വകുപ്പിനും അഭിനന്ദനങ്ങള്‍,’ വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം, കേരളത്തില്‍ മഴ തുടരുകയാണ്. ഓഗസ്റ്റ് മുതല്‍ അഞ്ച് ഒമ്പത് വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറഞ്ഞു. കേരളത്തിലും പശ്ചിമഘട്ടത്തിലും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത.
തെക്കു പെനിന്‍സുലാര്‍ ഇന്ത്യയില്‍ ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറ്, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനവും എത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐ.എം.ഡി.-ജി.എഫ്.എസ്. മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ സാധ്യതയുണ്ട്.
CONTENT HIGHLIGHTS Three pregnant women of Mukumpuzha tribal colony in the middle of Thrissur forest were safely rescued from waterlogging due to heavy rains