ഹരിയാനയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് സ്വതന്ത്രര്‍
national news
ഹരിയാനയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് സ്വതന്ത്രര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2024, 9:20 am

ചണ്ഡീഗഡ്: ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പിക്ക് പിന്തുണയുമായി മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍. രാജ്യത്തെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്ഡാള്‍ ഉള്‍പ്പെടെ രാജേശ് ജൂണ്‍, ദേവേന്ദര്‍ കദ്യാന്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചതിന് ശേഷം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

രാജേഷ് ജൂണും ദേവേന്ദര്‍ കദ്യാനും ഇന്നലെ രാവിലെ തന്നെ ദല്‍ഹിയിലെത്തുകയും ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പിന്നാലെയാണ് ഇരുവരും പിന്തുണ പ്രഖ്യാപിച്ചത്.

സാവിത്രി ജിന്ഡാല്‍ ഉള്‍പ്പെടെയുള്ള മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ അംഗബലം 51 ആയി ഉയര്‍ന്നിട്ടുണ്ട്.

ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസിലെ രാം നിവാസ് രാരയെ 18941 വോട്ടിനാണ് സാവിത്രി ജിന്ഡാല്‍ തോല്‍പ്പിച്ചത്. ബഹാദബൂര്‍ഗഡില്‍ നിന്ന് മത്സരിച്ച രാജേഷ് ജൂണ്‍ 41999 വോട്ടിന് ബി.ജെ.പിയുടെ ദിനേശ് കൗശിക്കിനെയാണ് പരാജയപ്പെടുത്തിയത്. കൂടാതെ സ്വതന്ത്ര വിമതനായി മത്സരിച്ച ദേവേന്ദര്‍ കദ്യാന്‍ 35209 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ കുല്‍ദീപ് ശര്‍മയെ ഗനൗറില്‍ നിന്നാണ് പരാജയപ്പെടുത്തിയത്.

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. 55 മുതല്‍ 62 സീറ്റ് വരെ കോണ്‍ഗ്രസിന് എക്‌സിറ്റ് പോള്‍ ഫലങ്ങളും പാര്‍ട്ടിയും പ്രവചിച്ചിരുന്നെങ്കിലും വലിയ തിരിച്ചടി തന്നെ കോണ്‍ഗ്രസ് നേരിടുകയായിരുന്നു.

ഹരിയാനയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് ഉള്‍പ്പെടെ വലിയ രീതിയിലുള്ള വിമര്‍ശനം തന്നെ കോണ്‍ഗ്രസിന് നേരെയുണ്ട്.

പത്ത് വര്‍ഷം കൊണ്ട് ബി.ജെ.പിക്കുണ്ടായ ഭരണവിരുദ്ധ വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ആം ആദ്മിയുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിസമ്മതിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ബി.ജെ.പി മൂന്നാം തവണയും വിജയിക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസിന് നേരെ ഇന്ത്യ സഖ്യത്തില്‍ നിന്നുതന്നെ ഉയരുന്ന വിമര്‍ശനങ്ങള്‍.

ഹരിയാനയില്‍ കോണ്‍ഗ്രസിന് ഉണ്ടായ തോല്‍വിക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും തോല്‍വിയുടെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു.

Content Highlight: three independents have declared their support for bjp in haryana