'കൈകൂപ്പി അപേക്ഷിച്ചിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ല'; ജാര്‍ഖണ്ഡ് സമാധാനപൂര്‍ണ്ണമായ സ്ഥലമാണെന്നാണ് കരുതിയതെന്ന് അഗ്നിവേശ്
Saffron Terror
'കൈകൂപ്പി അപേക്ഷിച്ചിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ല'; ജാര്‍ഖണ്ഡ് സമാധാനപൂര്‍ണ്ണമായ സ്ഥലമാണെന്നാണ് കരുതിയതെന്ന് അഗ്നിവേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2018, 6:32 pm

റാഞ്ചി: ജാര്‍ഖണ്ഡ് സമാധാനപൂര്‍ണ്ണമായ സ്ഥലമാണെന്നാണ് കരുതിയതെന്ന് ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ആക്രമണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഹോട്ടലിനുപുറത്ത് യുവമോര്‍ച്ചാ-എ.ബി.വി.പി പ്രവര്‍ത്തകര്‍ എനിക്കെതിരെ പ്രതിഷേധിക്കുന്നത് കണ്ടിരുന്നു. അവരുടെ എതിര്‍പ്പുകളെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ആരും കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ഹോട്ടലിന് പുറത്തേക്കിറങ്ങിയപ്പോള്‍ അവര്‍ എന്നെ ആക്രമിക്കുകയായിരുന്നു.”

എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് കൈകൂപ്പി ചോദിച്ചിട്ടും അവര്‍ കാരണം പറഞ്ഞില്ല. മര്‍ദ്ദനം തുടരുകയും ചെയ്തു. ആക്രമണത്തിനിടെ അവര്‍ അസഭ്യം പറയുന്നുമുണ്ടായിരുന്നു. നിലത്തുവീണപ്പോള്‍ അവര്‍ കല്ല് കൊണ്ട് അടിക്കാനൊരുങ്ങിയെന്നും കൂടെയുള്ള ആളാണ് തന്നെ രക്ഷിച്ചതെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ശശി തരൂരിന്റെ പരിപാടിക്കിടെ കരിങ്കൊടി പ്രതിഷേധവുമായി ബി.ജെ.പി

തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തെ യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ അമിത് കുമാര്‍ സിംഗ് തള്ളിക്കളഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയല്ല പ്രതിഷേധം സംഘടിപ്പിച്ചതെന്നും സംഭവത്തെക്കുറിച്ച് താഴെത്തട്ടിലുള്ളവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഞാന്‍ കോണ്‍ഗ്രസാണ്’; മുസ്‌ലീം പാര്‍ട്ടി പരാമര്‍ശത്തില്‍ മോദിയുടെ വായടപ്പിച്ച് വീണ്ടും രാഹുല്‍

ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. അഗ്നിവേശിനെ തടഞ്ഞു വച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ അഗ്നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് രാവിലെ മുതല്‍ക്കു തന്നെ തമ്പടിച്ചിരുന്നു.

ALSO READ: ഇന്ത്യയില്‍ ഹിന്ദു താലിബാന്‍ നിലനില്‍ക്കുന്നു: ശശി തരൂര്‍

മുന്‍പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ അംഗമായിട്ടുമുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള “ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍” നീക്കത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് അഗ്നിവേശ്.

ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.

WATCH THIS VIDEO: