ആലപ്പുഴ: ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലൂടെയാണ് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലവില്‍ വന്നതെന്ന കാര്യം പലപ്പോഴും പാര്‍ട്ടിക്കാര്‍ തന്നെ മറക്കുന്നുവെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. അതിനാല്‍ മുമ്പ് കിട്ടിയിരുന്ന ജനപിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ടോയെന്ന് നേതാക്കള്‍ പരിശോധിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മികച്ച പൊതുപ്രവര്‍ത്തകനുള്ള എ.ശിവരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വികസനം കൊടികുത്തിവാണു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അത്തരത്തിലൊന്നും നടക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ അഭിപ്രായമുയരുകയുണ്ടായി. എന്നാല്‍ പണം ഇഷ്ടം പോലെ ലഭിച്ചാല്‍ വികസനം നടപ്പിലാക്കാമെന്നും അതൊന്നും ആരുടേയും കഴിവല്ലെന്നുമാണ് ഇതിന് പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ് മറുപടി പറഞ്ഞത്. സുധാകരന്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് ഒന്നുകൊണ്ട് മാത്രമാണ് രണ്ടാമതും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെന്ന കാര്യം പാര്‍ട്ടി രേഖകളില്‍ പോലും ഉണ്ട്. അതിനാല്‍ ആ വസ്തുതയെ തള്ളിക്കൊണ്ട് സംസാരിക്കുന്നവര്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കുമെന്നും സുധാകരന്‍ ചോദിച്ചു.
അതേസമയം വികസനത്തിന്റെ കാര്യം പറയുമ്പോള്‍ ഫണ്ടിന്റെ കാര്യം പറയുന്നവര്‍ ധനകാര്യവകുപ്പും താനും അതിനായി നടത്തിയ പോരാട്ടം അറിയാത്തവരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഈ പണം കണ്ടെത്തുന്നതിനായി കിഫ്ബിയില്‍ നിന്ന് മാത്രമല്ല ജര്‍മന്‍ ബാങ്കുകളില്‍ നിന്ന് പോലും 2500 കോടിയാണ് ഒപ്പിട്ട് വാങ്ങിയെന്ന് കാര്യം മറക്കുന്നുവെന്നും എന്നാല്‍ അത്തരത്തില്‍ ചരിത്രത്തെക്കുറിച്ച് യാതൊരു ബോധവും ഇല്ലാത്തവര്‍ പാര്‍ട്ടിയെ നയിക്കരുതെന്നും സുധാകരന്‍ വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയിലെ ബോധമുള്ളവര്‍ രക്തസാക്ഷികളാകുമെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.ഐ ആര്യാട് സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് സി.പി.ഐ ജില്ലാ സെക്രട്ടറിയായ ആഞ്ചലോസ് ആയിരുന്നു. ചടങ്ങില്‍വെച്ച് ആഞ്ചലോസിനെ സി.പി.ഐ.എം പുറത്താക്കിയ നടപടിയേയും സുധാകരന്‍ വിമര്‍ശിച്ചു.മുന്‍ എം.പി കൂടിയായ ടി.ജെ ആഞ്ചലോസിനെ പാര്‍ട്ടി പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയാണെന്നും എന്നാല്‍ മനപ്പൂര്‍വമല്ലെങ്കിലും താനും ആ തീരുമാനത്തിന്റെ ഭാഗമായെന്നും ജി. സുധാകരന്‍ പറഞ്ഞു. സി.പി.ഐ.എം അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണ് സി.പി.ഐക്ക് ഇന്ന് നല്ലൊരു ജില്ലാ സെക്രട്ടറിയെ ലഭിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ആഞ്ചലോസിന്റെ സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ തുറന്ന് പറച്ചില്‍.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.എസ് സുജാത തോറ്റതിനെത്തുര്‍ന്ന് അദ്ദേഹം എന്തോ കടപ്പുറത്ത് കൂടി നടന്നെന്ന് പറഞ്ഞ് കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നും താന്‍ അധ്യക്ഷനായ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുറത്താക്കല്‍ തീരുമാനം കൈക്കൊണ്ടതെന്നും എന്നാല്‍ അത് തന്റെ അറിവോടെ ആയിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ഈ സംഭവം തന്റെ ജീവിതത്തിലെ ഏറ്റവും വിഷമിപ്പിച്ച ഒരു കാര്യം ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് മൂന്നാം തവണയാണ് മികച്ച പൊതുപ്രവര്‍ത്തകനുള്ള എ.ശിവരാജന്‍ പുരസ്‌കാരം ജി.സുധാകരന്‍ ലഭിക്കുന്നത്. മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരനാണ് പുരസ്‌കാരം കൈമാറിയത്.
Content Highlight: Those who have no sense of history should not lead the party; If led like that, those with party consciousness will become martyrs says G. Sudakaran