തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും മാറ്റി നിര്‍ത്തി തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് കത്തെഴുതിയ എം.പി പരമേശ്വരന് തോമസ് ഐസക്കിന്റെ മറുപടി. വി.എസിനെയും പിണറായിയെയും പോലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ഇകഴ്ത്തി കാണിക്കുവാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല, കത്തിന് പാര്‍ട്ടി സെക്രട്ടറി മറുപടി പറയാതിരിക്കുക വഴി അദ്ദേഹത്തിന് ഇക്കാര്യം മനസിലാകേണ്ടതായിരുന്നുവെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
നേരത്തെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് എം.പി പരമേശ്വരമന്‍ വി.എസിനും പിണറായിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നത്. കൃഷിയേപ്പറ്റിയും സാമ്പത്തിക ശാസ്ത്രത്തിലും വി.എസിന് വിവരമില്ല. പിണറായിക്ക് മനുഷ്യനുമായി ബന്ധമില്ല ഇക്കാരണങ്ങളാല്‍ ഇവരെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയാണെങ്കില്‍ ദോഷമേ ചെയ്യൂവെന്നും പകരം ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും പരമേശ്വരന്‍ പറഞ്ഞിരുന്നു.
ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നുവെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അഭിമുഖത്തിലുണ്ട്.
തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
“ഇതുപോലെ ചില സുഹൃത്തുക്കളുണ്ടെങ്കില്‍ വേറെ ശത്രുക്കളെന്തിന്” എന്നാണ് മാതൃഭൂമി വാരികയിലെ എംപി പരമേശ്വരന്റെ അഭിമുഖം വായിച്ച ഒരാള്‍ എനിക്കയച്ച എസ്എംഎസ് സന്ദേശം. ഈ പ്രതികരണത്തില്‍ തുടിച്ചു നില്‍ക്കുന്ന അമര്‍ഷവും പ്രതിഷേധവും സങ്കടവും ആദരണീയനായ എം പി പരമേശ്വരന്‍ മനസിലാക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സിപിഐഎമ്മിനെക്കുറിച്ചും പാര്‍ടി നേതാക്കളെക്കുറിച്ചും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
കേരളത്തിലെ ഇടതുപക്ഷമുന്നേറ്റത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളാണ് സഖാക്കള്‍ പിണറായിയും വിഎസും. ത്യാഗനിര്‍ഭരമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭൂതകാലം അവര്‍ക്കുണ്ട്. സമാനതകളില്ലാത്ത ജീവിതക്ലേശങ്ങളോടു പൊരുതിയാണ് വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയുളള ബഹുജനമുന്നണി കെട്ടിപ്പെടുക്കുന്നതില്‍ ഈ സഖാക്കള്‍ നിര്‍ണായകമായ പങ്കുവഹിച്ചത്. ആ സ്‌നേഹവും ആദരവും കേരളജനത അവര്‍ക്കു നല്‍കുന്നുമുണ്ട്. അവരെ ബഹുജനമധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കുന്ന ഒരു ശ്രമവും അംഗീകരിക്കാനാവില്ല. എംപിയെപ്പോലൊരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്ന പ്രവൃത്തിയല്ല അത്.
പാര്‍ടി സഖാക്കള്‍ വഹിക്കേണ്ട ചുമതലകളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പാര്‍ടിയ്ക്കു പാര്‍ടിയുടേതായ രീതികളുണ്ട്. അതറിയാത്ത ആളല്ല എം പി. ഇക്കാര്യം അര്‍ഹിക്കുന്ന സ്‌നേഹബഹുമാനങ്ങളോടെ ഓര്‍മ്മപ്പെടുത്തുകയാണ്, എം പിയുടെ കത്തിന് മറുപടി പറയാതിരിക്കുക വഴി സഖാവ് സീതാറാം യെച്ചൂരി ചെയ്തത്. പരിണിതപ്രജ്ഞനായ എംപിയ്ക്ക് അതു മനസിലാകേണ്ടതായിരുന്നു.
അഭിമുഖത്തിലെ ഓരോ കാര്യങ്ങള്‍ക്കും വെവ്വേറെ ഞാന്‍ മറുപടിയെഴുതുന്നില്ല. പാര്‍ടിയുമായും പാര്‍ടി നേതാക്കളുമായും ബന്ധപ്പെട്ടു നടത്തിയ എല്ലാ പരാമര്‍ശങ്ങളും പ്രതിഷേധാര്‍ഹമാണ്. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ ചര്‍ച്ചകള്‍ ഉയര്‍ത്തരുത് എന്ന് പാര്‍ടി സഖാക്കളോടും പാര്‍ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
“ഇതുപോലെ ചില സുഹൃത്തുക്കളുണ്ടെങ്കില്‍ വേറെ ശത്രുക്കളെന്തിന്” എന്നാണ് മാതൃഭൂമി വാരികയിലെ എംപി പരമേശ്വരന്റെ അഭിമുഖം വായിച…
Posted by Dr.T.M Thomas Isaac on Tuesday, 24 November 2015