മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
പതിവ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ പ്രിയദർശൻ സിനിമയായിരുന്നു ഒപ്പം. തിയേറ്ററിൽ വലിയ വിജയമായി മാറിയ സിനിമയിൽ മോഹൻലാൽ, സമുദ്രക്കനി, അനുശ്രീ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഒപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.
സിനിമയിൽ അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണെന്നത് വലിയ ധൈര്യം നൽകിയ കാര്യമാണെന്നും വടി കൊണ്ട് നിലത്ത് തട്ടിനോക്കി മുകളിലേക്ക് നോക്കിനടക്കുന്ന അന്ധനായി അഭിനയിക്കില്ലെന്ന് മോഹൻലാൽ ആദ്യമേ പറഞ്ഞിരുന്നുവെന്നും പ്രിയദർശൻ പറയുന്നു.സിനിമയുടെ ട്രെയ്‌ലർ എഡിറ്റ് ചെയ്ത സമയത്ത് സംവിധായകൻ അൽഫോൺസ് പുത്രനും മികച്ച അഭിപ്രായം പറഞ്ഞപ്പോൾ തനിക്ക് വലിയ ധൈര്യം തോന്നിയെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
‘ഒപ്പത്തിന്റെ സമയത്ത് ഞങ്ങൾ അന്ധവിദ്യാലയങ്ങളിലും മറ്റും ചെന്ന് അന്ധരായ ഒരുപാടുപേരുമായി സംസാരിച്ചു. അവരുടെ മാനസികാവസ്ഥയും ദൗർബല്യങ്ങളും കരുത്തുമെല്ലാം മനസ്സിലാക്കി. ഈയൊരു റിസർച്ചിൽ നിന്നാണ് ഈ സിനിമയുടെ കഥയിലേക്ക് എത്തിച്ചേരുന്നത്. അങ്ങനെയൊരവസ്ഥ നമുക്ക് വന്നാൽ നമ്മൾ എന്തുചെയ്യും എന്നാലോചിച്ച് വിശ്വസനീയമാവുന്ന രീതിയിലേക്ക് കഥ കൊണ്ടുവരികയായിരുന്നു.
പിന്നെ എൻ്റെ ഏറ്റവും വലിയ ധൈര്യം സിനിമയിൽ അന്ധനായി അഭിനയിക്കുന്നത് മോഹൻലാൽ എന്ന അതുല്യനടനാണ് എന്നതായിരുന്നു. ലാൽ ആദ്യമേ പറഞ്ഞിരുന്നു, വടി കൊണ്ട് നിലത്ത് തട്ടിനോക്കി മുകളിലേക്ക് നോക്കിനടക്കുന്ന അന്ധനായി ഇതിൽ അഭിനയിക്കില്ല എന്ന്. പല അന്ധൻമാരും അടുത്ത് വന്ന് പെരുമാറുമ്പോൾ മാത്രമേ കണ്ണു കണ്ടുകൂടാ എന്ന് മനസ്സിലാവുള്ളൂ.
അതുപോലൊരു അന്ധനായിരിക്കും താനെന്ന് ലാൽ പറഞ്ഞു. അങ്ങനെ ആളുകൾക്ക് പെട്ടെന്നുതന്നെ ഇഷ്ടമാവുന്ന ഒരു അന്ധനാവാനാണ് ലാൽ ശ്രമിച്ചത്. അന്ധനാണെന്ന് തോന്നുന്ന രീതിയിൽ മേക്കപ്പ് ചെയ്യമായിരുന്നു. ഗ്രാഫിക്സ് ഉപയോഗിക്കാമായിരുന്നു. അതൊന്നും ചെയ്തില്ല. ഒപ്പത്തിന്റെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ച ട്രെയ്‌ലർ എഡിറ്റ് ചെയ്‌തത് സംവിധായകൻ അൽഫോൺസ് പുത്രനാണ്. ആ സമയത്ത് അൽഫോൺസിനോട് ഞാൻ ചോദിച്ചു. ഈ കഥാപാത്രത്തിന് കണ്ണു കാണില്ല എന്നത് അനുഭവപ്പെടുന്നുണ്ടോയെന്ന്.
അൽഫോൺസ് പറഞ്ഞത്, ഇതിനപ്പുറം കണ്ണുകാണാത്ത അവസ്ഥ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ ഒരാൾക്കും കഴിയില്ല. കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല എന്നായിരുന്നു. അത് നൽകിയ ധൈര്യം വലുതായിരുന്നു. മോഹൻലാൽ എന്ന നടൻ്റെ പ്രതിഭ തന്നെയാണ് ആ സിനിമയുടെ വിജയത്തിന് ആധാരം,’പ്രിയദർശൻ പറയുന്നു.
Content Highlight: Priyadharshan About Oppam Movie And Words Of Alphons Puthran