national news
ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 04:28 pm
Thursday, 13th February 2025, 9:58 pm

ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരി പത്ത് മുതല്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയും കാമ്പസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നാലെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസിന്റെ സഹായവും സര്‍വകലാശാല തേടി.

വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി നടന്ന പ്രതിഷേധം കൂടുതല്‍ ശക്തമായതായും സര്‍വകലാശാലയുടെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും സാധാരണ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായും സര്‍വകലാശാല അധികൃതര്‍ ആരോപിച്ചു.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ മിഡ്ടേം പരീക്ഷകള്‍ക്കിടയില്‍ നിന്നും മറ്റ് വിദ്യാര്‍ത്ഥികളെ സെന്‍ട്രല്‍ ലൈബ്രറി ഉപയോഗിക്കുന്നത് തടഞ്ഞതായും സര്‍വകലാശാല പറഞ്ഞു.

പ്രതിഷേധക്കാര്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിന്റെ ഗേറ്റ് നശിപ്പിച്ചുവെന്നും സെന്‍ട്രല്‍ കാന്റീനുള്‍പ്പെടെയുള്ള സര്‍വകലാശാലാ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നെന്ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

കമ്മറ്റിയില്‍ വെച്ച് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ അത് അനുസരിച്ചില്ലെന്നും സംസാരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

2023 ല്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പി.എച്ച.്ഡി സ്‌കോളര്‍മാര്‍ക്ക് സര്‍വകലാശാലയുടെ അച്ചടക്ക സമിതി നോട്ടീസ് നല്‍കിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. പിന്നാലെ വിദ്യാര്‍ത്ഥികള്‍ 2024 ഡിസംബര്‍ 17 ന് ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ സെന്‍ട്രല്‍ കാന്റീനില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

Content Highlight: Students who protested at Jamia Millia Islamia were expelled from the university