national news
യു.പിയില്‍ പാര്‍ക്കിലെത്തിയ അവിവാഹിതര്‍ക്ക് നേരെ ബജ്‌രംങ്ദളിന്റെ സദാചാര പൊലീസിങ്; വിഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 05:00 pm
Thursday, 13th February 2025, 10:30 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അവിവാഹിതരായ വ്യക്തികള്‍ക്ക് നേരെ ഹിന്ദുത്വസംഘം സദാചാര പൊലീസിങ് നടത്തിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പൊതുപാര്‍ക്കില്‍ വന്നിരിക്കുന്ന യുവതീയുവാക്കള്‍ക്ക് നേരെയാണ് സദാചാര പ്രവൃത്തിയെന്നാണ് റിപ്പോര്‍ട്ട്.

അവിവാഹിതരാണെന്ന് ചൂണ്ടിക്കാട്ടി യുവതീ യുവാക്കളെ ബജ്‌റംങ്ദള്‍ പ്രവര്‍ത്തകര്‍ ബുദ്ധമുട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

ഫെബ്രുവരി 13ന് (ഇന്ന്) സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകളിലാണ് സംഘം പാര്‍ക്കിലെ ഇരിപ്പിടത്തിലിരിക്കുന്ന യുവതി യുവാക്കള്‍ക്കെതിരെ നടന്നടുക്കുന്നതും മരക്കഷണങ്ങള്‍ ഉപയോഗിച്ച് ഉപദ്രവിക്കുന്നതും കാണുന്നത്.

കാവി ഷാളണിഞ്ഞെത്തിയ സംഘം ഇവരില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെടുന്നതായും തുടര്‍ന്ന് സ്ഥലത്ത് നിന്നും പോവാന്‍ ആവശ്യപ്പെടുന്നതായും വീഡിയോയില്‍ കാണാം.

ജയ്ബജ്രംങ്ബലി, ജയ്ശ്രീറാം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് വടികളെടുത്ത് ആക്രമണ സ്വഭാവം കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Moral policing of Bajrang Dal against singles who came to the park in UP; Video