Entertainment
എനിക്ക് അദ്ദേഹവുമായി ഒരു സാമ്യവുമില്ല, അങ്ങനെയായിരുന്നെങ്കിൽ എന്റെ അഭിനയം മിമിക്രി പോലെയായേനെ: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 02:21 pm
Thursday, 13th February 2025, 7:51 pm

1997ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ.ആര്‍.റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും എം.കരുണാനിധിയുടേയും രാഷ്ട്രീയജീവിതാംശങ്ങള്‍ പകര്‍ത്തിയിരുന്നു.

മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എക്കാലത്തെയും ക്ലാസിക് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു. ചിത്രത്തിലെ പ്രകടനത്തിന് പ്രകാശ്‌രാജിന് മികച്ച സഹ നടനുള്ള ദേശീയ അവാർഡും കിട്ടിയിരുന്നു.

ഇരുവറിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. സത്യത്തിൽ തനിക്ക് എം.ജി.ആറുമായി സാമ്യമില്ലെന്നും എന്നാൽ സിനിമ കണ്ട ചിലർ എം.ജി.ആറുമായി സാമ്യമുള്ളതായി പറയുമെന്നും മോഹൻലാൽ പറയുന്നു. എം.ജി.ആറിനെ അനുകരിച്ചിരുന്നുവെങ്കിൽ അതൊരു മിമിക്രി പോലെയാവുമായിരുന്നുവെന്നും തന്നെ അങ്ങനെ തോന്നുണ്ടെങ്കിൽ അത് സംവിധായകൻ മണിരത്നത്തിന്റെ വിജയമാണെന്നും മോഹൻലാൽ പറഞ്ഞു. കമ്പനി എന്ന സിനിമയെ കുറിച്ചും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘സിനിമയിൽ അങ്ങനെ തോന്നിയിട്ടിട്ടുണ്ടെങ്കിൽ അത് മണിരത്നത്തിന്റെ വിജയമാണ്. സത്യത്തിൽ എനിക്ക് എം.ജി.ആറുമായി ഒരു സാമ്യവുമില്ല. അദ്ദേഹത്തെ പോലെ തൊപ്പിയും കൂളിങ് ഗ്ലാസുമൊന്നും വെച്ചല്ല ആ സിനിമ ചെയ്തത്. അങ്ങനെയായിരുന്നെങ്കിൽ അത് മിമിക്രി പോലെയായേനെ. ആ സിനിമ കണ്ട ശേഷം എം.ജി.ആറുമായി ബന്ധമുള്ള, ആ പ്രായത്തിലുള്ള ആളുകൾ എന്നോട് പറഞ്ഞിരുന്നു, അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നുവെന്ന്. അത് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു എന്നേ പറയാനാവൂ. ഞാനൊരു പ്രാവശ്യമേ എം.ജി.ആറിനെ കണ്ടിട്ടുള്ളൂ.

കമ്പനി എന്ന സിനിമയ്ക്ക് ശേഷം ഒരുമിച്ച് ഡിന്നർ കഴിച്ചപ്പോൾ അതിലെ കഥാപാത്രത്തിന് മാതൃകയായിരുന്ന ഓഫീസർ ശിവനന്ദൻ എന്നോട് പറഞ്ഞു, ‘എന്റെ കൂട്ടുകാരൊക്കെ പറയുന്നു, ഞാൻ നിങ്ങൾ സിനിമയിൽ കാണിച്ച കഥാപാത്രത്തെ പോലെ തന്നെയാണെന്ന്.’ അതും അങ്ങനെ സംഭവിച്ചതാണ്. സിനിമയ്ക്ക് മുമ്പ് രാംഗോപാൽ വർമ ചോദിച്ചിരുന്നു, ശിവനന്ദനെ കാണണോയെന്ന് ഞാൻ പറഞ്ഞു, വേണ്ടെന്ന്.

കാരണം നമ്മൾ ചെയ്യേണ്ടത് അദ്ദേഹത്തെ അനുകരിക്കുന്ന മിമിക്രിയല്ലല്ലോ, നമ്മൾ ഒരു കഥാപാത്രത്തെ സൃഷ്‌ടിക്കുകയല്ലേ വേണ്ടത്? പക്ഷേ, സിനിമ ചെയ്യും മുമ്പേ യാദ്യച്ഛികമായി ഞാനദ്ദേഹത്തെ കണ്ടു. ‘കർണഭാരം’ നാടകത്തിൽ ഞാൻ കർണനായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം മുന്നിൽ ഇരുന്ന് അത് കാണുന്നുണ്ടായിരുന്നു,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Iruvar Movie And M.G.R