തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരിച്ചുനല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം തിരികെ നല്‍കാന്‍ പല വഴികളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ പുനപരിശോധനയില്ല. അതേസമയം വിഷയത്തില്‍ പ്രതിപക്ഷ സംഘടനകള്‍ സ്വീകരിച്ച നിലപാട് ആശാസ്യമായില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുള്ള സമരം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശമ്പളം കട്ട് ചെയ്യുന്നില്ലെന്നും മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്തം മാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തേതു വീതം അഞ്ചു മാസത്തേക്ക്, ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ വിതരണം ചെയ്യാതെ മാറ്റി വയ്ക്കും.
കൊവിഡിന്റ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കിയവരെ ഒഴിവാക്കും. 20000 രൂപ വരെ മൊത്ത ശമ്പളമുള്ള പാര്‍ട് ടൈം കാഷ്വല്‍ സ്വീപ്പര്‍മാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും ദിവസ വേതന/താല്‍ക്കാലിക/കണ്‍സോളിഡേറ്റഡ് പേ വാങ്ങുന്നവര്‍ക്കും ഉത്തരവ് ബാധകമല്ല.
നിലവില്‍ ഉപജീവന ബത്ത വാങ്ങുന്നവരെ താല്‍ക്കാലികമായി ഒഴിവാക്കി. എന്നാല്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിക്കു കയറുമ്പോള്‍ മുതല്‍ ശമ്പളം പിടിച്ചു തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി പോലുള്ള ഗ്രാന്റ് ഇന്‍എയ്ഡ് സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, കമ്മീഷനുകള്‍, സര്‍ക്കാരിനു കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.