കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ എം.എല്‍.എയാണ് തോമസ് ചാഴികാടന്‍. ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് മറിടകന്നാണ് തീരുമാനം.
പകല്‍ മുഴുവന്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ രാത്രി വൈകി ഒറ്റവരി വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള കോണ്‍ഗ്രസ് ഒന്നാകെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് തോമസ് ചാഴികാടന്‍ പ്രതികരിച്ചു. യു.ഡി.എഫിന് ജയം ഉറപ്പെന്നും ചാഴികാടന്‍ പറഞ്ഞു.
നേരത്തെ പി.ജെ ജോസഫിനെതിരെ കോട്ടയത്തെ പാര്‍ട്ടി നിയമസഭാ മണ്ഡലം കമ്മറ്റികള്‍ രംഗത്തെത്തിയിരുന്നു. പി.ജെ ജോസഫ് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെയാണ് കെ.എം മാണി നിയോജക മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പി.ജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു.
അതേസമയം തൊടുപുഴയില്‍ പി.ജെ ജോസഫിന്റെ വസതിയില്‍ ജോസഫ് വിഭാഗത്തിന്റെ രഹസ്യയോഗം തുടരുകയാണ്.
സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറാന്‍ കെ.എം മാണി ജോസഫിന് കത്തുനല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി.ജെ ജോസഫിന്റെ വസതിയിലേക്ക് കെ.എം മാണി ദൂതന്‍ വഴിയാണ് കത്ത് എത്തിച്ചത്.