Daily News
അര്‍ണബ് ഗോസ്വാമിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബര്‍ഖ ദത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 27, 04:40 pm
Wednesday, 27th July 2016, 10:10 pm

ന്യൂദല്‍ഹി: ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. അര്‍ണബ് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണോ എന്ന് ചോദിച്ച ബര്‍ഖ അര്‍ണബ് ജോലി ചെയ്യുന്ന മേഖലയില്‍ ജോലി ചെയ്യുന്നത് അപമാനമായി കാണുന്നു എന്നും തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കശ്മീരില്‍ സൈന്യവും ജനങ്ങളും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ അര്‍ണബ് ഗോസ്വാമി സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെയാണ് ബര്‍ഖ ദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളെയാകെ കുറ്റക്കാരാക്കുന്ന തരത്തിലും മാധ്യമങ്ങളുടെ വായടപ്പിക്കുന്നതുമായ മാധ്യമപ്രവര്‍ത്തനമാണ് ടൈംസ് നൗ നടത്തുന്നതെന്ന് ബര്‍ഖ ദത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

പാക്കിസ്ഥാനെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ചിലരെ സ്ഥിരമായി വിമര്‍ശിക്കുന്ന അര്‍ണബ് എന്തുകൊണ്ട് ബി.ജെ.പിപി.ഡി.പി സര്‍ക്കാര്‍ പാക്കിസ്ഥാനും ഹുറിയത്തുമായി നടത്തിയ ചര്‍ച്ചകളെകുറിച്ച് മൗനം പാലിക്കുന്നുവെന്നും ബര്‍ഖ ചോദിച്ചു. മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും അര്‍ണബ് മൗനം പാലിക്കുകയാണ്. കശ്മീരിലെ മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച അര്‍ണബിന്റെ നിലപാടിനെയും ബര്‍ഖ വിമര്‍ശിച്ചു.

ഒരു മാധ്യമപ്രവര്‍ത്തകന്‍ മാധ്യമങ്ങളെ അടച്ചുപൂട്ടാനും തീവ്രവാദികളായി മുദ്രകുത്താനും സര്‍ക്കാരിനെ ഉപദേശിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ അതിനെതിരെ മൗനം തുടരുകയാണെന്നും ബര്‍ഖ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. അര്‍ണബിനോട് യോജിക്കാത്തതിന്റെ പേരില്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അര്‍ണബ് എതിര്‍ക്കുന്നുവെന്നും എന്നാല്‍ ഇത് താന്‍ കാര്യമാക്കുന്നില്ലെന്നും ബര്‍ഖ പറയുന്നു. അര്‍ണബിന്റെ നിലപാടിനോടൊപ്പം നിന്നാല്‍ താന്‍ ഇല്ലാതാകുന്നതിന് സമമായിരിക്കുമെന്ന പരാമര്‍ശത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ബര്‍ഖയുടെ വിമര്‍ശനത്തോട് അര്‍ണബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.