ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണവിരുദ്ധതയില്ലെന്നും സഖ്യകക്ഷികളുടെ സഹായത്തോടെ ഇതിന് മുന്‍പും സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ദല്‍ഹിയില്‍ ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ പരാമര്‍ശം.
ബി.ജെ.പി ഒരു സഖ്യസര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് ഇതാദ്യമല്ല. സഖ്യസര്‍ക്കാരിനെ ചേര്‍ത്ത് ഭരിക്കുന്നത് മോശമാണെന്ന നിലയിലുള്ള പ്രചാരണങ്ങള്‍ ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്നും മോദി നേതാക്കളോട് പറഞ്ഞതായി ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രതലത്തില്‍ ഭരണവിരുദ്ധതയില്ലെന്നും അതൃപ്തി വ്യക്തിഗത നേതാക്കളോടാണെന്നും മോദി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരിച്ച ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വെല്ലുവിളികളെ ചങ്കൂറ്റത്തോടെ നേരിടേണ്ടെന്നും മോദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും രാജ്യ താത്പര്യങ്ങള്‍ വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോദി സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
ഐക്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രാധാന്യത്തെ കുറിച്ചായിരുന്നു സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി സംസാരിച്ചത്. വരാനിരിക്കുന്ന സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ കുറിച്ചും മോദി സംസാരിച്ചതായാണ് സൂചനകള്‍.
‘ഇതാദ്യമായല്ല ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാകുന്നത്. നിലവില്‍ ബി.ജെ.പിക്കെതിരെ വരുന്ന പ്രചരണങ്ങളെയൊന്നും ഗൗരവമായി കാണാതെ രാജ്യതാത്പര്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. എന്നെ സംബന്ധിച്ച് ഇത്തരം വെല്ലുവിളികള്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ശക്തിയാണ് ചെയ്യുന്നത്’, പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന വികാരം കേന്ദ്രസര്‍ക്കാരിനെതിരായ വികാരമായി മാറരുതെന്നും അത് വ്യക്തിഗത സ്ഥാനാര്‍ത്ഥികളുടെ പ്രശ്‌നമായി കാണണമെന്ന മുന്നറിയിപ്പും മോദി നല്‍കി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജൂണ്‍ 16നാണ് നിലവിലെ പതിനേഴാം ലോക്സഭയുടെ കാലാവധി അവസാനിക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 293 സീറ്റുകള്‍ നേടി എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയെങ്കിലും ബി.ജെ.പിയുടെ സീറ്റുകളില്‍ വലിയ കുറവാണ് ഇത്തവണ ഉണ്ടായത്. സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെ മാത്രമേ ബി.ജെ.പിക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.
This is not the first time that there will be a coalition government says modi